02 December Monday

ശബരിമലയിൽ മഴ കുറഞ്ഞു; ഏതു സാഹചര്യത്തെയും നേരിടാൻ വിവിധ വകുപ്പുകൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ശബരിമല > ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴ തുടരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സന്നിധാനത്ത് മഴയ്ക്ക് അൽപം ശമനം ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിട്ട് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കുന്നതിന് സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഏതു സാഹചര്യത്തെയും നേരിടാൻ വിവിധ വകുപ്പുകൾ സജ്ജമാണെന്നും ശബരിമല എഡിഎം  ഡോ. അരുൺ എസ് നായർ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന തീർഥാടകർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശവുമുണ്ട്. മുൻകരുതലുകളുടെ ഭാഗമായി പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനം ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്.



ഞായറാഴ്ച ശബരിമലയിൽ കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയും സന്നിധാനത്തും പരിസരങ്ങളിലും ശക്തമായ മഴയും മൂടൽമഞ്ഞും ഉണ്ടായി. പകൽ മഴക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം ശക്തമായി പെയ്തു. പമ്പയിലും നിലയ്‌ക്കലും മഴയുണ്ടായിരുന്നു. പമ്പയിൽ ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം നിലവിൽ നീക്കിയിട്ടുണ്ട്. എന്നാൽ ശക്തമായ അടിയൊഴുക്കിനുള്ള സാധ്യത ഉള്ളതിനാൽ തീർഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണസേനയുടെയും പ്രത്യേക സംഘങ്ങളെ പമ്പയുടെ ഇരുകരകളിലും സജ്ജമാക്കിയിട്ടുണ്ട്‌.



പമ്പയിൽ മിന്നൽ പ്രളയമുണ്ടായാൽ നേരിടാനായി കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്നു. ശബരിമലയിൽ പെയ്യുന്ന മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. ഇത് മൂന്നുമണിക്കൂർ ഇടവിട്ടും പമ്പ, കക്കി ഡാമുകളിലെ മഴയുടെ അളവ് രണ്ടു മണിക്കൂർ ഇടവിട്ടും പരിശോധിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾവനത്തിലെ മഴയുടെ അളവ് നിരീക്ഷിക്കും. പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ ജലസേചന വകുപ്പിനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ പമ്പയിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തും. അപകടഘട്ടങ്ങൾ ഉണ്ടായാൽ ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനടക്കം മുന്നൊരുക്കം നടത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ, മരങ്ങൾ വീണുണ്ടാകുന്ന അപകടം, പാമ്പിന്റെ കടിയേൽക്കൽ എന്നിവയടക്കം നേരിടാനും നടപടി സ്വീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top