22 December Sunday

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

തിരുവനന്തപുരം> ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്.

സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.

ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4x4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ആയിരിക്കും ഇത് പ്രവർത്തിക്കുക. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും.

പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലേറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top