23 December Monday
കെഎസ്ആർടിസി ബസ്‌ സർവീസ് ഇന്നാരംഭിക്കും

സമഗ്ര ഡിജിറ്റൽ 
സേവനത്തിനൊരുങ്ങി 
‘സ്വാമി ചാറ്റ് ബോട്ട്'

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


തിരുവനന്തപുരം
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടനം അനുഭവവേദ്യമാക്കാൻ ജില്ലാ അധികൃതർ ഒരുക്കിയ ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന ആർടിഫിഷ്യൽ ഇന്റലിജൻസ്‌ അസിസ്‌റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സ്മാർട്‌ ഫോണിൽ ലഭ്യമാക്കാവുന്ന ചാറ്റ് ബോട്ട്  ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്രകാര്യങ്ങളും   വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പൊലീസ്, വനംവകുപ്പ്‌ തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭിക്കും. അതിനാൽ അപകടരഹിത തീർഥാടനം ഭക്തർക്ക് ഉറപ്പുവരുത്താനാകും.ആധുനിക ഡിജിറ്റൽ സംവിധാനത്തിലൂടെ ശബരിമലയാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുകയാണ്‌ ലക്ഷ്യമെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുളളത്.

ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യം ഉറപ്പാക്കണം
മണ്ഡലമകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ എല്ലാ സംവിധാനവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല, എരുമേലി എന്നിവിടങ്ങളിൽ ഹൃദ്‌രോഗ ചികിത്സയ്ക്കടക്കം വിദഗ്‌ധ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണം. ആശുപത്രികളുടെ പ്രവർത്തനറിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ശബരിമല സ്പെഷ്യൽ കമീഷണർ നൽകണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു.

ശബരിമലയിൽ അയ്യപ്പസേവാസംഘം ദേവസ്വത്തിന് കൈമാറുന്ന കെട്ടിടത്തിൽ തീർഥാടകർക്കായിരിക്കണം മുഖ്യപരിഗണന. ദേവസ്വത്തിന്റെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. മറ്റു ഉപയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. ശബരിമലയിൽ സൗജന്യസേവനത്തിന്‌ സന്നദ്ധത അറിയിച്ച വിശ്വാസികളായ ഡോക്ടർമാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇവർക്ക് താമസത്തിനും ദർശനത്തിനും പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വാക്കാൽ പറഞ്ഞു. ശബരിമലയിൽ സേവനത്തിന് സർക്കാർ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

കെഎസ്ആർടിസി ബസ്‌ സർവീസ് ഇന്നാരംഭിക്കും
മണ്ഡല –-മകരവിളക്ക്‌ പ്രമാണിച്ച്‌ ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന്‌ പമ്പയ്‌ക്കുള്ള കെഎസ്ആർടിസി സർവീസ്‌ വ്യാഴാഴ്ച ആരംഭിക്കും. ആദ്യ സർവീസ് രാവിലെ എട്ടിന് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. പമ്പ സർവീസിനായി  70 ബസുണ്ട്‌. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് താൽക്കാലിക ഓഫീസ് സജ്ജീകരിച്ചു. ഇവിടെ ഒരേസമയം മൂന്ന്‌ ബസ്‌ പാർക്ക് ചെയ്യാം. മറ്റ്‌ ബസുകൾക്ക് നഗരസഭാ സ്‌റ്റാൻഡിലും പാർക്കിങ്‌ സൗകര്യമൊരുക്കി.

ശബരിമലയിൽ 
മഴയ്‌ക്ക്‌ സാധ്യത
വ്യാഴാഴ്ച സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലും ഉച്ചകഴിഞ്ഞ്‌ ഇടിമിന്നലോടെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത (24 മണിക്കൂറിൽ 11 സെന്റിമീറ്റർവരെ). വെള്ളിയാഴ്‌ച സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലും ഉച്ചയ്‌ക്കുശേഷം ഇടിമിന്നലോടെ നേരിയതോ മിതമായതോ ആയ മഴയ്‌ക്കും സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top