കൊച്ചി
വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്തശേഷം വരുന്നില്ലെങ്കിൽ തീർഥാടകർ ബുക്കിങ് റദ്ദാക്കണമെന്ന് ഹെെക്കോടതി. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാൻ ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കേരളത്തിനുപുറമെ തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രചാരണം നൽകണമെന്ന് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ബുക്ക് ചെയ്യുന്നവരിൽ 20 മുതൽ 25 ശതമാനംവരെ എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇവർ ബുക്കിങ് റദ്ദാക്കാത്തതിനാൽ ഈ സ്ലോട്ടുകൾ മറ്റുള്ളവർക്ക് അനുവദിക്കാനാകുന്നില്ല. വ്യാഴാഴ്‌ച 122 ബസ് സർവീസ് നടത്തിയെന്ന് കെഎസ്ആർടിസി അറിയിച്ചു. 87,709 തീർഥാടകർ യാത്ര ചെയ്തു. 150 ചെയിൻ സർവീസ് ബസുകളുണ്ടെന്നും തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസ് നടത്തുമെന്നും അറിയിച്ചു.പമ്പയിലും നിലയ്ക്കലും പാർക്കിങ് പ്രശ്‌നങ്ങളില്ലെന്ന് ദേവസ്വം ബോർഡും സീതത്തോട്–- -നിലയ്‌ക്കൽ കുടിവെള്ള പൈപ്പിടൽ ജോലി ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് ജല അതോറിറ്റിയും അറിയിച്ചു.
അയ്യപ്പസേവാ സംഘത്തിന്റെ കൈവശമിരുന്ന കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ശബരിമല സ്‌പെഷ്യൽ കമീഷണറോട് നിർദേശിച്ചു. കെട്ടിടത്തിന്റെ നിലവിലെ ചിത്രങ്ങൾ ദേവസ്വം ബോർഡ് ഹാജരാക്കി. ശബരിമല ഇടത്താവളമായ വൈക്കം ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ ശുചിമുറിസൗകര്യം ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..