22 December Sunday

ശബരിമലയിൽ ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല: സുരക്ഷ പ്രധാനമെന്നും പി എസ് പ്രശാന്ത്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


തിരുവനന്തപുരം
ശബരിമലയിൽ ഒരാൾക്കും ദർശനംകിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഉചിത നടപടി സ്വീകരിക്കും. ഓൺലൈൻ ബുക്കിങ് (വെർച്വൽ ക്യൂ) നടപ്പാക്കുന്നത് തീർഥാടകരുടെ സുരക്ഷയ്‌ക്കാണ്. ഓൺലൈനിൽ ബുക് ചെയ്യുന്നവർക്ക് 48 മണിക്കൂർ വരെ സാധുത നൽകും. 

ദർശനസമയം പുലർച്ചെ മൂന്നു മുതൽ ഒന്നു വരെയും വൈകിട്ട്‌ മൂന്നു മുതൽ രാത്രി 11 വരെയുമായിരിക്കും. ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ് വെർച്വൽ ക്യൂവിലൂടെ ലഭിക്കുന്നത്. ഒരുദിവസം എത്തുന്ന തീർഥാടകരുടെ എണ്ണം മുൻകൂട്ടി അറിയുന്നതിനാൽ തിരക്ക് നിയന്ത്രിച്ച് സു​ഗമ ദർശനം ഉറപ്പാക്കാനാകും.  തീർഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർഥാടനം ഉറപ്പാക്കാൻ അനിവാര്യമാണ്. കഴിഞ്ഞവർഷം തിരക്ക് കാരണം തീർഥാടകരെ വഴിയിൽ തടയേണ്ട സാഹചര്യമുണ്ടായി. ഈ ദിവസങ്ങളിൽ കാൽലക്ഷത്തിലധികം പേരാണ് സ്‌പോട് ബുക്കിങ്ങിലൂടെ എത്തിയത്. വെറും എൻട്രി പാസ് മാത്രമായ സ്‌പോട്ട്‌ ബുക്കിങ് രീതി അശാസ്ത്രീയമാണ്. 2022–- 23 കാലത്ത് മണ്ഡലം മകരവിളക്ക് കാലയളവിൽ ആകെ 3,95,634 പേരാണ് സ്‌പോട്ട്‌ ബുക്കിങ്‌ നടത്തിയതെങ്കിൽ കഴിഞ്ഞവർഷം ഇത്‌ 4,85,063 ആയി വർധിച്ചു.

തീർഥാടകരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചാൽ മാത്രമേ അപകടത്തിലോ മറ്റോ ഉൾപ്പെടുന്നവർക്ക് ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കൂയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബുക്കിങ്ങിന് ആപ്പ് വരും
ഓൺലൈൻ ബുക്കിങ്ങിനായി മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. നേരിട്ട് ഓൺലൈൻ ബുക്കിങ് സാധിക്കാത്തവർക്ക്‌ അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളോട്‌ അനുബന്ധിച്ചും ഇതിനുള്ള സൗകര്യങ്ങളുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top