ശബരിമല
സന്നിധാനത്തെ തിരക്ക് നിയന്ത്രണം, രഹസ്യ അന്വേഷണം, ബോംബ് സ്‌ക്വാഡ് തുടങ്ങിയ ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ള രണ്ടാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്‌പി കെ ഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഡിസംബർ ആറ് വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡിവൈഎസ്‌പിമാരുടെ കീഴിൽ എട്ട് ഡിവിഷനുകളിൽ 27 സിഐ, 90 എസ്ഐ/ എഎസ്ഐ, 1250 എസ്‌സിപിഒ/ സിപിഒമാരെയാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി വിന്യസിച്ചിട്ടുള്ളത്.
മൂന്ന് ഷിഫ്റ്റായി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. ഒരു ഡിവൈഎസ്‌പി, രണ്ട് സിഐ,12 എസ്ഐ /എഎസ്ഐ,155എസ്‌സിപിഒ/ സിപിഒ എന്നിവരടങ്ങുന്ന ഇന്റലിജൻസ്/ ബോംബ് സ്‌ക്വാഡ് ടീമും ചുമതലയേറ്റു. പത്തനംതിട്ട എസ്‌പി വി ജി വിനോദ്കുമാർ, ഡിവൈഎസ്‌പിമാർ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തീർഥാടകർക്ക്
സഹായമായി
ദേവസ്വം അന്നദാനം
ശബരിമലയിൽ എത്തുന്ന തീർഥാടകർക്കും ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് ജീവനക്കാർക്കും ഏറെ സഹായമായി ദേവസ്വം ബോർഡിന്റെ അന്നദാനം. മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ സൗജന്യ ഭക്ഷണവിതരണം മികച്ച നിലയിൽ മുന്നോട്ടുപോകുന്നു. ശബരിമലയിൽ എത്തുന്ന മുഴുവൻ പേർക്കും മൂന്ന് നേരവും ഇവിടെനിന്ന് ഭക്ഷണംനൽകും. രാവിലെ 6.30ന് ആരംഭിച്ച് രാത്രി 11 വരെ മുടക്കമില്ലാതെ തീർഥാടനകാലം കഴിയുംവരെ ദേവസ്വം ബോർഡ് ഭക്ഷണംവിളമ്പും.
തമിഴ്‌നാട്ടിൽനിന്ന്
5 ലക്ഷം പാക്കറ്റ് ബിസ്‌കറ്റ്
തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ലഘുഭക്ഷണമായി നൽകാൻ തമിഴ്‌നാട്ടിൽനിന്ന് അഞ്ചുലക്ഷം പാക്കറ്റ് ബിസ്‌കറ്റ് എത്തി. തീർഥാടകർക്ക് മലകയറ്റത്തിനിടയിലും വലിയ നടപ്പന്തലിൽ ക്യൂവിൽ നിൽക്കുമ്പോഴും നൽകാൻ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവാണ് ബിസ്‌കറ്റ് നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹം ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. മൂന്നു കണ്ടെയ്നറുകളിൽ നിറച്ചാണ് ബിസ്‌ക്കറ്റ് പമ്പയിൽ എത്തിച്ചത്. ഇതോടൊപ്പം തീർഥാടകർക്ക് ഔഷധ കുടിവെള്ളം നൽകാൻ 2,000 സ്റ്റീൽ ബോട്ടിലുകളും എത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..