ശബരിമല
അതിശക്തമായി പെയ്‌ത മഴയെ അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്. തിങ്കളാഴ്‌ച പുലർച്ചെ മാത്രം മുപ്പതിനായിരത്തിനടുത്ത് ആളുകൾ ദർശനം നടത്തി. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്‌ച വൈകിട്ട് വരെ 67,781 തീർഥാടകർ മലകയറി. ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് ദർശനം നടത്തിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്‌ച പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്‌ക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ടായി. പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്‌തു. പമ്പയിലും നിലയ്‌ക്കലും മഴയുണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് കാനനപാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന് കെഎസ്‌ആർടിസി ബസുകളിൽ പമ്പയിലെത്തിച്ചു.
നിരോധനത്തിൽ ഇളവ്
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പമ്പാ നദിയിൽ തീർഥാടകർ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. മുന്നറിയിപ്പിൽ മാറ്റമുണ്ടായതിനെ തുടർന്നാണ് ഇളവ് അനുവദിച്ചത്. തീർഥാടകർക്ക് പമ്പയിൽ കുളിക്കാനിറങ്ങാം. എന്നാൽ, ശക്തമായ അടിയൊഴുക്കിനുള്ള സാധ്യതയുള്ളതിനാൽ തീർഥാടകർ അതീവ ജാഗ്രത പാലിക്കണം. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണസേനയുടെയും പ്രത്യേക സംഘങ്ങളെ പമ്പയുടെ ഇരുകരകളിലും സജ്ജമാക്കിയിട്ടുണ്ട്. ഇവർ നൽകുന്ന മുന്നറിയിപ്പുകൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..