23 December Monday

ശബരിമലയിൽ മണ്ഡലപൂജ ; തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കോഴഞ്ചേരി
ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. ഞായർ രാവിലെ ഏഴിനാണ് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര പുറപ്പെട്ടത്. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനംനടന്നു. പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേനടയിൽനിന്നായിരുന്നു യാത്രയ്ക്ക് തുടക്കം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വംബോർഡ് അംഗങ്ങളായ അജികുമാർ, സുന്ദരേശൻ, ദേവസ്വം കമീഷണർ സി വി പ്രകാശ്, ദേവസ്വം അസിസ്റ്റന്റ് കമീഷണർ ആർ രേവതി, സ്പെഷ്യൽ ഓഫീസർ പി സുനിൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ്കുമാർ, ദേവസ്വം കമീഷണർ സി വി പ്രകാശ് എന്നിവർ പങ്കെടുത്തു.

അലങ്കരിച്ച രഥത്തിൽ ആറന്മുള ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്കുമുമ്പ്‌ സന്നിധാനത്ത്‌ എത്തും. ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തഞ്ചോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് എത്തുക. രഥഘോഷയാത്ര എത്തുന്ന കേന്ദ്രങ്ങളിൽ തങ്കഅങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സുരക്ഷയിലുള്ള രഥഘോഷയാത്രയെ അഗ്നിരക്ഷാസേനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും അനുഗമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top