മേപ്പാടി
മുണ്ടക്കൈ പുഴയോരത്തെ വീട് ഒലിച്ചുപോയപ്പോൾ പഠന മോഹങ്ങൾക്ക് അവധികൊടുത്തിരുന്നു നബീൽ. ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ ബിരുദപ്രവേശനത്തിന്റെ അഭിമുഖത്തിന് ദിവസങ്ങളേയുള്ളൂ. നഷ്‌ടപ്പെട്ട എസ്‌എസ്‌എൽസി, പ്ലസ്‌ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ 14ന്റെ അഭിമുഖത്തിന് പോയിട്ട് കാര്യമില്ല.
മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെ കൺട്രോൾ റൂമിലും മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരോടും വേദന പങ്കുവച്ചു. അധ്യാപകർ ഉടൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് സംസാരിച്ചു. ദുരന്തസ്ഥലത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വരുന്നദിവസം എത്താൻ നിർദേശിച്ചു. ചൊവ്വാഴ്‌ച അപേക്ഷ നൽകി. ബുധൻ രാവിലെ പത്തിന് പരീക്ഷാഭവനിൽനിന്ന് പ്രത്യേക ദൂതൻവഴി എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് എത്തി. സഹോദരൻ അബ് നിഹാലിനൊപ്പം മുഹമ്മദ് നബീൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പ്ലസ്‌ടു സർട്ടിഫിക്കറ്റ് ഉടനെത്തും.
‘‘നൂലാമാലകൾ പലതുണ്ടാകുമെന്ന് കരുതി. സർട്ടിഫിക്കറ്റ് ഇത്രവേഗം സ്വന്തമാകുമെന്ന് കരുതിയില്ല. എല്ലാവർക്കും നന്ദി’’–- ദുരിതാശ്വാസ ക്യാമ്പിലിരുന്ന് എം മുഹമ്മദ് നബീൽ പറഞ്ഞു. ദുരന്തരാത്രിയിൽ ഉമ്മ റഹീമ, സഹോദരി നിയ നൗറിൻ എന്നിവരാണ് നബീലിനൊപ്പം വീട്ടിലുണ്ടായിരുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ, കിട്ടിയ വാഹനത്തിൽ ചൂരൽമല കടന്ന് നീലിക്കാപ്പിലെ ബന്ധുവീട്ടിലെത്തി.
പുലർച്ചെയാണ് ഉരുൾപൊട്ടലിനെക്കുറിച്ച് അറിഞ്ഞത്. അതിന്റെ പ്രകമ്പനം നീലിക്കാപ്പിലും എത്തിയപ്പോൾ വീടിന് പിന്നിലെ കുന്നിൻപുറത്തേക്ക് ഓടിക്കയറി. മഴയിൽ രാത്രി മുഴുവൻ അവിടെ. തിരിച്ചെത്തിയപ്പോഴാണറിഞ്ഞത്, വീടിനൊപ്പം എല്ലാം ഒലിച്ചുപോയെന്ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..