കണ്ണൂർ> സഫ്‌ദർ വീണുപോയിട്ടും അരങ്ങിൽ നാടകങ്ങൾ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. സഫ്‌ദർ ഹാഷ്‌മിയെ, നാടകങ്ങളെ നിശബ്‌ദമാക്കാൻ ശ്രമിച്ചവരുടെ കാതിലേക്ക് നിന്റെ ഒച്ചയും കവിതയും നാടകങ്ങളും ഇരമ്പിയെത്തുകയാണ്. അനീതികളും ചൂഷണവും ഫാസിസവും നടമാടുന്ന കാലംവരെയും നിന്റെ നാടകങ്ങൾക്ക് മരണമില്ലെന്ന് തെരുവിലെ അരങ്ങുകൾ ഓർമപ്പെടുത്തുന്നുണ്ട്. മരണത്തെ അതിജീവിക്കുന്ന ഓർമകളെയും അരങ്ങിനേയും ജ്വലിപ്പിക്കുകയായിരുന്നു കണ്ണൂർ ടൗൺ സ്ക്വയറിൽ അരങ്ങേറിയ ‘സഫ്ദർ നീ തെരുവിന്റെ തീക്കനൽ’ നാടകം.
സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായാണ് പിലാത്തറ, പരിയാരം, നെരുവമ്പ്രം, ഏഴോം ദേശത്തെ കലാകാരന്മാരുടെ കൂട്ടായ്മ ‘നാടിന്റെ തീപ്പാട്ടുകാർ’ നാടകം അവതരിപ്പിച്ചത്. തെരുവിനായും തൊഴിലാളികൾക്കായും ജീവിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത സഫ്ദർ ഹാഷ്മിയോടുള്ള ആദരമായാണ് ‘നാടിന്റെ തീപ്പാട്ടുകാർ’ നാടകസംഘത്തിന്റെ പിറവി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ധീരോദാത്തം അടയാളപ്പെടുത്തിയ രക്തസാക്ഷിത്വമായ സഫ്ദർ ഹാഷ്മിയെയും അദ്ദേഹത്തിന്റെ നാടകജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്ന നാടകമാണിത്.
സഫ്‌ദറിന്റെ ജീവിതത്തിലൂടെയും ഉത്തരേന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളിലൂടെയുമാണ് നാടകത്തിന്റെ സഞ്ചാരം. സുരേഷ് ബാബു ശ്രീസ്ഥയാണ് രചന. സംവിധാനം ഡോ. സാംകുട്ടി പട്ടാംകരിയാണ്. ഗാനരചന കരിവെള്ളൂർ മുരളിയും ഡോ. സാംകുട്ടി പട്ടാംകരിയും. മുപ്പതോളം കലാകാരന്മരാണ് അരങ്ങിലും അണിയറയിലും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..