കാസർകോട്> ഗോവയിൽ കൊല്ലപ്പെട്ട കുടക് സ്വദേശിനി സഫിയയുടെ (13) ശേഷിപ്പുകൾ ബാപ്പ മൊയ്തുവും ഉമ്മ ആയിഷയും ഏറ്റുവാങ്ങി. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് മാതാപിതാക്കൾ മകളുടെ തലയോട്ടി ഏറ്റുവാങ്ങിയത്. പുത്തിഗെ മുഹമ്മാത്തിൽ അന്ത്യകർമങ്ങൾക്കുശേഷം ജന്മദേശമായ കുടക്കിലേക്ക് കൊണ്ടുപോയി അയ്യങ്കേരിയിലെ ജുമാമസ്ജിദിൽ ഖബറടക്കി.
2006–ലാണ് കുടക് അയ്യങ്കേരി സ്വദേശിനി സഫിയ ഗോവയിൽ കൊല്ലപ്പെട്ടത്. 2008ൽ ഗോവയിലെ അണക്കെട്ടിന് സമീപം തലയോട്ടി കണ്ടെടുത്തു. സംഭവത്തിൽ ഗോവയിൽ കരാർ ജോലിക്കാരായ മുളിയാർ സ്വദേശി കെ സി ഹംസയെയും ഭാര്യ മൈമൂനയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ സഫിയയെ കൊന്ന് കഷണങ്ങളായി മുറിച്ച് പുഴക്കരയിൽ കുഴിച്ചുമൂടിയതാണെന്ന് സമ്മതിച്ചു. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു സഫിയ.
അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനൊപ്പം തലയോട്ടിയുൾപ്പെടെയുള്ള ഭാഗങ്ങൾ കോടതിയിൽ കൈമാറിയിരുന്നു. മകളെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂർ സമർപ്പിച്ച ഹർജിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് സാനു എസ് പണിക്കരാണ് ശരീരഭാഗങ്ങൾ വിട്ടുനൽകാൻ ഉത്തരവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..