14 November Thursday

പ്രിയ സഫിയ, നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
കാസർകോട്‌> പതിനെട്ടുവർഷമാണ്‌ അവർ മകൾക്കായി കാത്തത്‌; ഒടുവിൽ തലയോട്ടി മാത്രമായെങ്കിലും, പള്ളിമുറ്റത്ത്‌ സംസ്‌കരിക്കാൻ, അവർക്ക്‌ സഫിയമോളെ തിരിച്ചുകിട്ടി. ഗോവയിൽ കൊല്ലപ്പെട്ട കുടക്‌ സ്വദേശിനി സഫിയയുടെ (13) ശേഷിപ്പുകൾ ബാപ്പ മൊയ്‌തുവും ഉമ്മ ആയിഷയും കണ്ണീരോടെ കോടതിയിൽനിന്നും ഏറ്റുവാങ്ങി. 
 
തിങ്കൾ പകൽ 12.15ന്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ നേരിട്ടെത്തിയാണ്‌ ബാപ്പ മൊയ്‌തുവും ഉമ്മ ആയിഷയും മകളുടെ തലയോട്ടി ഏറ്റുവാങ്ങിയത്‌. പുത്തിഗെ മുഹിമ്മാത്തിൽ അന്ത്യകർമങ്ങൾക്കുശേഷം ജന്മദേശമായ കുടകിലേക്ക്‌ കൊണ്ടുപോയി വൈകീട്ട്‌ അയ്യങ്കേരിയിലെ ജുമാമസ്‌ജിദിൽ ഖബറടക്കി.  
 
2006 ലാണ്‌ കുടക്‌ അയ്യങ്കേരി സ്വദേശി സഫിയ ഗോവയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ടത്‌. കരാറുകാരനായ കാസർകോട്‌ പൊവ്വൽ മാസ്‌തിക്കുണ്ടിലെ കെ സി ഹംസയുടെയും ഭാര്യ മൈമൂനയുടെയും ഗോവയിലെ ഫ്ലാറ്റിൽ ജോലിക്കാരിയായിരുന്നു അവൾ. പാചകത്തിനിടയിൽ സഫിയക്ക്‌ ഗുരുതര പൊള്ളലേറ്റുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ സംഭവം കേസാകുമെന്ന ഭയത്തിലാണ്‌ കൊന്ന്‌ കഷണങ്ങളായി നുറുക്കി ഗോവയിലെ അണക്കെട്ടിന്‌ സമീപം കുഴിച്ചിട്ടതെന്ന്‌ ദമ്പതികളും മൈമൂനയുടെ സഹോദരൻ കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്ളയും പൊലീസിന്‌ നൽകിയ കുറ്റസമ്മതമൊഴി.
 
സംഭവശേഷം ഹംസയും മൈമൂനയും പൊവ്വലിലെ വീട്ടിലെത്തി, സഫിയയെ കാണാതായതായി അവളുടെ വീട്ടിൽ അറിയിച്ചു. രക്ഷിതാക്കൾക്കൊപ്പം ആദൂർ പൊലീസിൽ എത്തി പരാതിയും നൽകി. ഒന്നര വർഷം അന്വേഷിച്ചിട്ടും സഫിയയെ കണ്ടെത്താനായില്ല.  ഇതിനിടയിൽ സഫിയയുടെ ഉമ്മയും ബാപ്പയും നാട്ടുകാരും പൊതുപ്രവർത്തകരുംചേർന്ന്‌ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സമരം ആരംഭിച്ചു. 83 ദിവസം ഉമ്മ ആയിഷ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപം ഉപവാസമിരുന്നു. പിന്നാലെ, അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചു. തുടർന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി. ഡിവൈഎസ്‌പി കെ വി സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, 2008ൽ പ്രതികളെ കണ്ടെത്തി. ഇവരുടെ മൊഴി പ്രകാരം കുഴിച്ചിട്ട സ്ഥലം പരിശോധിച്ചപ്പോൾ തുണിക്കഷണങ്ങളും തലയോട്ടിയും കണ്ടെടുത്തു. കേസിൽ മൂന്ന്‌ പ്രതികളെയും അറസ്‌റ്റുചെയ്തു. പിന്നീട്‌ ഒന്നാംപ്രതി ഹംസ കുറ്റം സ്വയം ഏറ്റെടുത്തു.
 
സഫിയക്ക്‌ പൊള്ളലേറ്റിരുന്നുവെന്ന  പ്രതികളുടെ വാദം ഡോ. ഷെർലി മാത്യുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തള്ളി. മാരകമായ മൂന്നുമുറിവുകളാണ്‌ മരണകാരണമായത്‌. 2015 ജൂലൈ 15ന്‌  ഹൈക്കോടതി ഒന്നാംപ്രതി ഹംസയ്‌ക്ക്‌ വധശിക്ഷ യും കൂട്ടുപ്രതികൾക്ക്‌ തടവും വിധിച്ചു. 2021ൽ കൂട്ടുപ്രതികളായ മൈമൂനയെയും അബ്ദുള്ളയെയും ഹൈക്കോടതി വെറുതെവിട്ടു. ഹംസയുടെ ശിക്ഷ  ജീവപര്യന്തമായി കുറച്ചു. ക്രൈംബ്രാഞ്ച്‌ കുറ്റപത്രത്തിനൊപ്പം സഫിയയുടെ തലയോട്ടിയും കോടതിക്ക്‌ കൈമാറിയിരുന്നു. എന്നാൽ മകളെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാതാപിതാക്കൾ കഴിഞ്ഞ മാസം കോടതിയെ സമീപിച്ചു. പബ്ലിക്‌ പ്രോസിക്യൂട്ടർ സി ഷുക്കൂറാണ്‌ ഹർജി സമർപ്പിച്ചത്‌. ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജഡ്‌ജ്‌ സാനു എസ്‌ പണിക്കരാണ്‌ തലയോട്ടി വിട്ടുനൽകാൻ ഉത്തരവിട്ടത്‌.
 
അവളെ പഠിപ്പിക്കുമെന്ന്‌ പറഞ്ഞാണ്‌
 
വീട്ടിലെ ദാരിദ്ര്യം സഹിക്കാൻ കഴിയാതെയാണ്‌ 2006ൽ സഫിയയെ ഗോവയിലെ കരാറുകാരൻ ഹംസയുടെ ഫ്ലാറ്റിലേക്ക്‌ ജോലിക്കായി പറഞ്ഞയച്ചത്‌. സഫിയയെ സ്കൂളിലും മദ്രസയിലുംവിട്ട്‌ പഠിപ്പിക്കാമെന്ന്‌ ഉറപ്പുനൽകിയാണ്‌  കെ സി ഹംസയും മൈമൂനയും അവളെ ഗോവയിലേക്ക്‌ കൊണ്ടുപോയത്‌. 
 
എന്നാൽ അവിടെ വച്ച്‌ സഫിയ നിഷ്‌ഠൂരമായി കൊല ചെയ്യപ്പെട്ടു.  സംഭവശേഷം ഹംസയും കുടുംബവും പൊവ്വലിലെ വീട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വിവരം സഫിയയുടെ കുടുംബത്തെ ഫോണിൽ അറിയിച്ചു. അന്നുതന്നെ വണ്ടിക്കാശ്‌ കടംവാങ്ങി സഫിയയുടെ ബാപ്പ മൊയ്‌തു  പൊവ്വലിലെ  ഇവരുടെ വീട്ടിലെത്തി. സഫിയക്ക്‌ ഏറെ പ്രിയപ്പെട്ട നെല്ലിക്കയും വാങ്ങിയിരുന്നു. 
 
എന്നാൽ വീട്ടിൽനിന്ന്‌ സഫിയയെ കാണാതായി എന്നാണ്‌  അവർ പറഞ്ഞത്‌.  മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ കാത്തിരുന്നു. പിന്നീട്‌ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സമരവും തുടങ്ങി. പലരും കേസിൽനിന്നും പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും ഉമ്മ ആയിഷ  പിന്നോട്ടില്ലെന്ന്‌ ഉറപ്പിച്ചു.   
 
ക്രൈംബ്രാഞ്ചാണ്‌ കേസ്‌ തെളിയിക്കുന്നതും പ്രതികളെ പിടികൂടുന്നതും. ഒന്നാംപ്രതി ഹംസക്ക്‌ വധശിക്ഷ വിധിച്ചിരുന്നതിനാൽ എന്നാൽ അത്‌ പിൻവലിക്കാൻ അപ്പീൽ നൽകിയതുകാരണം സഫിയയുടെ ശരീര ഭാഗങ്ങൾ വിട്ടുകിട്ടാൻ വീണ്ടും വൈകി. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top