26 December Thursday

പ്രിയ സഫിയ, ഓർമയിൽ നീയുണ്ട്‌ മരണമില്ലാതെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

സഫിയയുടെ തലയോട്ടി അടങ്ങിയ പെട്ടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ 
കോടതിയിൽനിന്ന്‌ ഏറ്റുവാങ്ങിയപ്പോൾ തേങ്ങുന്ന ഉമ്മ ആയിഷ. 
ബാപ്പ മൊയ്‌തു സമീപം (വലത്‌)


കാസർകോട്‌
പതിനെട്ടുവർഷമാണ്‌ അവർ സഫിയക്കായി കാത്തത്‌. പള്ളിമുറ്റത്ത്‌ സംസ്‌കരിക്കാൻ തലയോട്ടി മാത്രമായെങ്കിലും അവർക്ക്‌  മകളെ തിരിച്ചുകിട്ടി. ഗോവയിൽ കൊല്ലപ്പെട്ട കുടക്‌ സ്വദേശിനി സഫിയയുടെ (13) ശേഷിപ്പുകൾ ബാപ്പ മൊയ്‌തുവും ഉമ്മ ആയിഷയും കണ്ണീരോടെ കോടതിയിൽനിന്ന്‌ ഏറ്റുവാങ്ങി. പുത്തിഗെ മുഹിമ്മാത്തിലെ അന്ത്യകർമങ്ങൾക്കുശേഷം ജന്മനാടായ കുടക്‌  അയ്യങ്കേരിയിലെ ജുമാമസ്‌ജിദിൽ ഖബറടക്കി. 

2006 ലാണ്‌ സഫിയ കൊല്ലപ്പെട്ടത്‌. കരാറുകാരനായ കാസർകോട്‌ പൊവ്വൽ മാസ്‌തിക്കുണ്ടിലെ കെ സി ഹംസയുടെയും ഭാര്യ മൈമൂനയുടെയും ഗോവയിലെ ഫ്ലാറ്റിൽ ജോലിക്കാരിയായിരുന്നു സഫിയ. പാചകത്തിനിടെ സഫിയക്ക്‌ ഗുരുതര പൊള്ളലേറ്റെന്നും പ്രായപൂർത്തിയാകാത്തതിനാൽ സംഭവം കേസാകുമെന്ന ഭയത്തിൽ കൊന്ന്‌ കഷണങ്ങളാക്കി ഗോവയിലെ അണക്കെട്ടിനുസമീപം കുഴിച്ചിട്ടെന്നുമാണ്‌ ദമ്പതികളും മൈമൂനയുടെ സഹോദരൻ കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്ളയും നൽകിയ കുറ്റസമ്മതമൊഴി. സംഭവശേഷം പൊവ്വലിലെത്തിയ ഹംസയും മൈമൂനയും സഫിയയെ കാണാനില്ലെന്ന്‌ അറിയിച്ചു. രക്ഷിതാക്കൾക്കൊപ്പം ആദൂർ പൊലീസിൽ പരാതിനൽകാനും മുന്നിൽനിന്നു. ഒന്നരവർഷം അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സമരമാരംഭിച്ചു. 83 ദിവസം ആയിഷ  ഉപവാസമിരുന്നു.  അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചു.  കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി.  2008ൽ പ്രതികളെ കണ്ടെത്തി.  കുഴിച്ചിട്ട സ്ഥലത്തുനിന്ന്‌ തുണിക്കഷണങ്ങളും തലയോട്ടിയും കണ്ടെടുത്തു.  മൂന്ന്‌ പ്രതികളും അറസ്‌റ്റിലായെങ്കിലും പിന്നീട്‌  ഹംസ കുറ്റം ഏറ്റെടുത്തു.
സഫിയക്ക്‌ പൊള്ളലേറ്റിരുന്നുവെന്ന പ്രതികളുടെ വാദം തള്ളിയ ഡോ. ഷെർലി മാത്യു മാരകമായ മൂന്നുമുറിവാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. 2015 ജൂലൈ 15ന്‌ ഹൈക്കോടതി  ഹംസയ്‌ക്ക്‌ വധശിക്ഷയും കൂട്ടുപ്രതികൾക്ക്‌ തടവുംവിധിച്ചു. 2021ൽ കൂട്ടുപ്രതികളെ വെറുതെവിട്ടതിനൊപ്പം ഹംസയുടെ ശിക്ഷ  ജീവപര്യന്തമാക്കി.

കുറ്റപത്രത്തിനൊപ്പം സഫിയയുടെ തലയോട്ടിയും ക്രൈംബ്രാഞ്ച്‌ കോടതിക്ക്‌ കൈമാറിയിരുന്നു. എന്നാൽ, മകളെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാതാപിതാക്കൾ കഴിഞ്ഞ മാസം കോടതിയെ സമീപിച്ചു. പബ്ലിക്‌ പ്രോസിക്യൂട്ടർ സി ഷുക്കൂറാണ്‌ ഹർജി സമർപ്പിച്ചത്‌. ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജഡ്‌ജ്‌ സാനു എസ്‌ പണിക്കർ തലയോട്ടി വിട്ടുനൽകാൻ ഉത്തരവിട്ടു. തിങ്കൾ പകൽ 12.15ന്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിലെത്തിയാണ്‌  ഇരുവരും മകളുടെ തലയോട്ടി ഏറ്റുവാങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top