തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളുടെ പൂർത്തീകരണം കണ്ണിൽ പൊടിയിടലെന്ന മാധ്യമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെട്ട 21 പദ്ധതിയും പൂർത്തിയായവയാണ്. ഇവയിൽ 13 എണ്ണം നിർമാണം പൂർത്തിയാക്കിയവയും എട്ട് എണ്ണം നിർമാണോദ്ഘാടനവുമാണ്. പദ്ധതി പൂർത്തിയാക്കിയ 13 എണ്ണത്തിൽ രണ്ടെണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായവയുമാണ്. എട്ട് നിർമാണോദ്ഘാടനങ്ങളിൽ മൂന്നെണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായവയുമാണ്. തയ്യാറായ നിലയിലുള്ളവയെല്ലാം പൂർത്തീകരണം കഴിഞ്ഞതിനാൽ 21 പദ്ധതിയും പൂർത്തിയായതായാണ് കണക്കാക്കുക. സമാനമായി, സാംസ്‌കാരിക വകുപ്പിലെ 22 പദ്ധതിയിൽ 14 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും ബാക്കി 8 എണ്ണം പദ്ധതി തയ്യാറെടുപ്പുകൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായവയുമാണ്.
വാർത്തയിൽ പരാമർശിച്ച കോട്ടയം കോടിമത ഫിഷ് മാർക്കറ്റ് നിർമാണം മുഴുവൻ പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായ പദ്ധതിയാണ്. പ്രവൃത്തികൾ പൂർത്തിയാക്കിയ കെട്ടിടങ്ങളുടെയെല്ലാം ചിത്രങ്ങളും നിർമാണോദ്ഘാടനം നടക്കുന്നവയുടെ ഭരണാനുമതിയും അനുബന്ധ ഉത്തരവുകളുമെല്ലാം 100 ദിന പരിപാടി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വളരെ സുതാര്യമായാണ് 100 ദിന പരിപാടി നടപ്പാക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..