22 November Friday

മന്ത്രി സജി ചെറിയാന്റെ പ്രസംഗം ; സിബിഐ വേണ്ട , തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖികUpdated: Friday Nov 22, 2024


കൊച്ചി
സാംസ്‌കാരികമന്ത്രി സജി ചെറിയാൻ ഭരണഘടനസംബന്ധിച്ച്‌ നടത്തിയ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പുനരന്വേഷണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും തുടരന്വേഷണമാണ്‌ വേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു. കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി തള്ളി. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി ഉത്തരവും റദ്ദാക്കി. ഒരു അഭിഭാഷകൻ  നൽകിയ ഹർജിയിലാണ് നടപടി.

2022 ജൂലൈ മൂന്നിനാണ് കേസിനാസ്‌പദമായ പ്രസംഗം. തുടർന്ന് കീഴ്‌വായ്‌പൂർ പൊലീസ്  കേസ്‌ എടുത്തു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് മന്ത്രി പ്രസംഗിച്ചതെന്നും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നുമാണ്‌ പൊലീസ് റിപ്പോർട്ടിലുള്ളത്‌.   2003ലെ നിയമഭേദഗതിപ്രകാരം ഭരണഘടനയെ അനാദരിക്കുന്ന വാക്കുകൾ പറയുന്നതും എഴുതുന്നതും  കുറ്റകരമാണ്. 

ആരോപണവിധേയൻ മന്ത്രിയായതിനാൽ തുടരന്വേഷണം എസ്എച്ച്ഒ നടത്തുന്നത് ഉചിതമല്ല. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പൊലീസ് മേധാവി ഉടൻ ഉത്തരവിടണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം–- ഹൈക്കോടതി നി‌ർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top