17 September Tuesday

സമഗ്രമാക്കാം പഠനം; വിരൽത്തുമ്പിൽ ലഭിക്കും പഴയ എസ്‌എസ്‌എൽസി ചോദ്യപേപ്പർ

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2024

തിരുവനന്തപുരം> എസ്‌എസ്‌എൽസി പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുമ്പോൾ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുക പതിവാണ്‌. ഇനി വിദ്യാർഥികൾക്ക്‌ വീട്ടിലിരുന്നും പഴയ ചോദ്യപേപ്പറുകൾ പരിശോധിച്ച്‌ പഠനം സമഗ്രമാക്കാം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ‘സമഗ്ര' പോർട്ടലിന്റെ പരിഷ്‌കരിച്ച രൂപമായ കൈറ്റ് തയ്യാറാക്കിയ ‘സമഗ്ര പ്ലസ്' പോർട്ടലിലാണ്‌ എസ്‌എസ്‌എൽസി പരീക്ഷകളുടെ മുൻകാല ചോദ്യപേപ്പർ ലഭ്യമാക്കിയത്‌.

2017 മുതലുള്ള എസ്എസ്എൽസി ചോദ്യങ്ങളും അവയുടെ ഉത്തരസൂചകങ്ങളും ചോദ്യബാങ്കിലുണ്ട്‌. കുട്ടികൾക്കുള്ള പ്രത്യേക ‘പഠനമുറി' സംവിധാനവും സമഗ്ര പ്ലസിലെ സവിശേഷതയാണ്‌. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെക്കൂടെ സഹായിക്കുന്ന വിധത്തിലാണ് സമഗ്ര പ്ലസിലെ പ്രവർത്തനങ്ങളും ഡിജിറ്റൽ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്.

‘സമഗ്ര പ്ലസ്' പോർട്ടലിൽ അധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു. പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങളാണ് സമഗ്ര പ്ലസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യം ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കാണ് ഈ മാസം പരിശീലനം പൂർത്തിയാക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും പോർട്ടലിൽ ലഭ്യമാണ്. www.samagra.kite.kerala.gov.in ആണ് പോർട്ടലിന്റെ വിലാസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top