21 November Thursday

പാഠഭാഗങ്ങൾ വീഡിയോ രൂപത്തിൽ; കണ്ടും കേട്ടും പഠിക്കാം, സമഗ്ര പ്ലസിൽ

ബിജോ ടോമിUpdated: Wednesday Aug 21, 2024

സമഗ്ര പ്ലസ്‌ പോർട്ടൽ

തിരുവനന്തപുരം > പുസ്‌തകം വായിച്ചും നോട്ട്‌ബുക്കിൽ എഴുതിയെടുത്തത്‌ മനഃപാഠമാക്കിയും പഠനം കുറച്ച്‌ ബോറാണെന്ന്‌ തോന്നാറുണ്ടോ. ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ വീഡിയോ രൂപത്തിൽ മുന്നിലെത്തിയിരുന്നെങ്കിൽ എത്ര എളുപ്പമായിരുന്നേനെയെന്ന്‌ ചിന്തിക്കാറുണ്ടോ. എങ്കിൽ, ഇനി വീട്ടിലിരുന്നുള്ള പഠനം കൂടുതൽ രസകരമാകും. ക്ലാസിലെ പാഠഭാഗങ്ങൾ വീഡിയോ രൂപത്തിൽ എത്തിക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് പോർട്ടലിലാണ്‌ കുട്ടികളെ സ്വയംപഠനത്തിന്‌ സഹായിക്കുന്ന തരത്തിൽ നൂതന മാറ്റം കൊണ്ടുവന്നിരിക്കുന്നത്‌.

ആദ്യഘട്ടമായി പുതിയ പാഠപുസ്തകങ്ങൾക്ക്‌ അനുസരിച്ച് 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങളാണ് സമഗ്ര പ്ലസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമഗ്ര പ്ലസിൽ ലേണിങ്‌ റൂം (പഠനമുറി) എന്ന ഓപ്‌ഷനിലാണ്‌ വീഡിയോ രൂപത്തിൽ പഠനവിഭവങ്ങൾ ലഭിക്കുക. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്‌. ക്ലാസും അധ്യയനവും തെരഞ്ഞെടുത്താൽ മതി. കുട്ടികൾക്ക്‌ പാഠഭാഗങ്ങൾ പറഞ്ഞുനൽകാൻ രക്ഷിതാക്കളെയും സഹായിക്കുംവിധമാണ്‌ ഇത്‌ തയ്യാറാക്കിയിരിക്കുന്നത്‌.

കൂടാതെ ഭാഷാ വിഷയങ്ങൾക്കായി പാഠഭാഗങ്ങളുടെ ശബ്ദലേഖനങ്ങളും (പോഡ്‌ കാസ്റ്റ്‌) ഉൾപ്പെടുത്തിയിട്ടുണ്ട്. വായിച്ചുപഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ ഈ സംവിധാനം ഏറെ സഹായകമാകും. www.samagra.kite.kerala.gov.in ആണ് പോർട്ടലിന്റെ വിലാസം.

‘സമഗ്ര പ്ലസിലെ പഠനമുറിയിൽ വിവിധ പഠനാശയങ്ങളുടെ വീഡിയോകളാണ്‌ ഉള്ളത്‌. തുടർന്ന്‌ വിദ്യാർഥികൾക്ക്‌ പാഠഭാഗവുമായി ബന്ധപ്പെട്ട്‌ ഡിജിറ്റലായി ക്വിസിൽ പങ്കെടുക്കാനും കഴിയും. ഉത്തരങ്ങൾ ശരിയാണോ തെറ്റാണോ എന്ന്‌ അപ്പോൾത്തന്നെ അറിയാം. ഇതിലൂടെ കുട്ടികൾക്ക്‌ പഠനം കൂടുതൽ രസകരവും ആയാസരഹിതവും ആക്കാനാകും’ - കെ അൻവർ സാദത്ത്, കൈറ്റ്‌ സിഇഒ


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top