23 December Monday

ബ്രാൻഡിങ്ങിന്റെ പേരിൽ
വിഹിതം തടഞ്ഞ്‌ കേന്ദ്രം ; ഭിന്നശേഷി വിദ്യാർഥികളും അധ്യാപകരും പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തിരുവനന്തപുരം
ബ്രാൻഡിങ്ങിന്റെ പേരിൽ സമഗ്രശിക്ഷാ കേരളം (എസ്‌എസ്‌കെ) പദ്ധതിയിലെ വിഹിതം തടഞ്ഞ്‌ കേന്ദ്രസർക്കാർ. ഇതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളും എസ്‌എസ്‌കെ പദ്ധതിയിലെ ആറായിരത്തോളം ജീവനക്കാരും പ്രതിസന്ധിയിലായി. വിദ്യാർഥികൾക്ക്‌ സ്‌പീച്ച്‌ തെറാപ്പി അടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്‌.

കേരളത്തിലെ 336 സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകളായി മാറ്റണമെന്നാണ്‌ കേന്ദ്ര നിർദ്ദേശം. ഒരു ബിആർസിയിൽ രണ്ട്‌ സ്‌കൂളുകൾ ഇത്തരത്തിൽമാറ്റി പ്രധാനമന്ത്രിയുടെ ചിത്രം സഹിതം ബ്രാൻഡിങ്‌ നടത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കോടികൾ ചെലവഴിച്ച്‌ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തിയ കേരളത്തിലെ സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകളായി നാമകരണം ചെയ്‌തെടുക്കാനാണ്‌ കേന്ദ്രശ്രമം.

കഴിഞ്ഞ വർഷം ഇതിന്റെ പേരിൽ ഫണ്ട്‌ മുടക്കിയിരുന്നു. 60:40 എന്ന അനുപാതത്തിലാണ്‌ എസ്‌എസ്‌കെ പദ്ധതിയിലെ കേന്ദ്ര– സംസ്ഥാന വിഹിതം. ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല. ഏപ്രിൽ മാസത്തിലെ ആദ്യഗഡുവിന്‌ വേണ്ട രേഖകൾ സംസ്ഥാന സർക്കാർ നൽകിയതാണ്‌. 420 കോടിയുടെ കുടിശ്ശികയാണ്‌ ലഭിക്കാനുള്ളത്‌. ഏപ്രിൽ, മെയ്‌ മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ മുൻകൂർ തുക അനുവദിച്ചാണ്‌ നൽകിയത്‌. 2,886 സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരാണ്‌ എസ്‌എസ്‌കെയിൽ ഉള്ളത്‌. എലമെന്ററി വിഭാഗം അധ്യാപകർക്ക്‌ 20,000 രൂപയും സെക്കൻഡറി വിഭാഗം അധ്യാപകർക്ക്‌ 25,000 രൂപയുമാണ്‌ ശമ്പളം. മൂവായിരത്തോളം ജീവനക്കാരുമുണ്ട്‌.  കേന്ദ്രനിലപാടിനെതിരെ ഏഴിന്‌ പ്രതിഷേധ സമരത്തിന്‌ ഒരുങ്ങുകയാണ്‌ കേരള റിസോഴ്‌സ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top