12 December Thursday
ഭിന്നതയ്ക്കിടെ ഇന്ന്‌ 
ലീഗ്‌ പ്രവർത്തകസമിതി

സിഐസി ബന്ധംവിട്ടു, ലീഗിന്റെ കരയ്‌ക്കടുക്കാതെ സമസ്‌ത , ലീഗിനും സാദിഖലി തങ്ങൾക്കും തിരിച്ചടി

പി വി ജീജോUpdated: Thursday Dec 12, 2024



കോഴിക്കോട്‌  
മുസ്ലിംലീഗ്‌ പിൻബലത്തിൽ പ്രവർത്തിക്കുന്ന കോ ഓർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസു(സിഐസി)മായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗം തീരുമാനിച്ചു. സമസ്‌ത വിരുദ്ധനായ അബ്ദുൾഹക്കീം ഫൈസി ആദൃശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറിയാക്കിയതിനെ  തുടർന്നാണ്‌  ബന്ധം വിടാനുള്ള തീരുമാനമെടുത്തത്‌. ലീഗിനും  സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾക്കും വലിയ ക്ഷീണമാണിത്‌. സാദിഖലി തങ്ങളാണ്‌ സിഐസി പ്രസിഡന്റ്‌. ലീഗ്‌ ആഗ്രഹിക്കുംവിധം സമസ്‌ത നീങ്ങില്ലെന്നതിന്റെ സൂചനയാണ്‌ മുശാവറ യോഗതീരുമാനം. 

സിഐസി ഹക്കീംഫൈസിയുടെ നേതൃത്വത്തിൽ സമസ്‌തയെ മാനിക്കാത്ത പഠനപദ്ധതി നടത്തുന്നതും പുത്തൻ ആശയഗതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതും നേരത്തെ മുശാവറ എതിർത്തിരുന്നു. സാദിഖലി തങ്ങൾ ഇടപെട്ട്‌ സിഐസിയെ തിരുത്തിക്കാമെന്നതടക്കമുള്ള  തീരുമാനം നടപ്പായില്ല. ഇതേ തുടർന്നാണ്‌  ഇനി ബന്ധമേയില്ലെന്ന്‌  മുശാവറ തീരുമാനിച്ചത്‌. 

സാദിഖലി തങ്ങളെ വിമർശിച്ച  ഉമർഫൈസി മുക്കത്തെ മുശാവറയിൽനിന്ന്‌ പുറത്താക്കണമെന്ന,  ലീഗ്‌ അനുകൂലികൾ ഉയർത്തിയ ആവശ്യം മാറ്റിവച്ചാണ്‌ സമസ്‌ത നേതൃത്വം  ലീഗിനെതിരായ തീരുമാനം എടുത്തതെന്നതാണ്‌ ശ്രദ്ധേയം.  മറ്റ്‌  പ്രശ്‌നങ്ങൾ വീണ്ടും മുശാവറ ചേർന്ന്‌ ചർച്ചചെയ്യാനായി മാറ്റി. സമസ്‌തക്കെതിരെ ലീഗ്‌ ആശീർവാദത്തോടെ  ആദർശ സംരക്ഷണസമിതി രൂപീകരിച്ചതടക്കമുള്ള വിവാദ വിഷയങ്ങളും മുശാവറയിൽ വന്നു. ജോ. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ല്യാരും ബഹാവുദ്ദീൻ നദ്‌വിയുമാണ്‌  പ്രധാനമായും ലീഗിനായി യോഗത്തിൽ വാദിച്ചത്‌.  വിശദ  ചർച്ചക്ക്‌ശേഷം ഇത്തരം കാര്യത്തിൽ തീരുമാനമെന്ന നിലപാടാണ്‌  പണ്ഡിതരിൽ ഭൂരിഭാഗവും സ്വീകരിച്ചത്‌. അതേസമയം മുജാഹിദ്‌ ആശയപ്രചാരകനായ  പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് അധ്യാപകൻ അൻവർ ഫ്ലവരിയെ പുറത്താക്കാനുള്ള തീരുമാനവും ബുധനാഴ്‌ച  കോഴിക്കോട്‌ ചേർന്ന മുശാവറയിലുണ്ടായി. പാർടിയിലെ  ഉന്നതർ  സംരക്ഷിക്കുന്ന  അൻവറിനെതിരായ നടപടിയും ലീഗിന്‌  തിരിച്ചടിയാണ്‌.

മുനമ്പം ഭൂമി വഖഫിന്റേതല്ലെന്ന ലീഗ്‌ നിലപാടിനോടും യോജിച്ചില്ല. രേഖകൾ പഠിച്ച്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്‌ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഇറങ്ങിപ്പോക്ക്‌ വാർത്ത വ്യാജം: സമസ്‌ത
സമസ്ത മുശാവറ യോഗത്തിൽനിന്ന് പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി എന്ന്‌ ചില ചാനലുകളിൽവന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ അറിയിച്ചു. ബുധൻ ഉച്ചക്ക് ഒന്നരവരെ നീണ്ട യോഗം മറ്റു അജൻഡകൾ ചർച്ചചെയ്യാൻ സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. യോഗ തീരുമാനങ്ങൾ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമപ്രവർത്തകരെ  അറിയിച്ചതുമാണ്. ഇതിനുശേഷം ചില മാധ്യമങ്ങൾ  തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ആരാധനാലയ സംരക്ഷണനിയമം സംരക്ഷിക്കണം: സമസ്‌ത
ആരാധനാലയ സംരക്ഷണനിയമം സംരക്ഷിക്കണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. 1991ലെ നിയമത്തിനു അനുകൂലവാദം ഉന്നയിക്കാൻ സമസ്‌ത സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിവാദങ്ങളും പരാതികളും ചർച്ചചെയ്യാൻ മുശാവറ യോഗം പത്തുദിവസത്തിനുള്ളിൽ വീണ്ടും ചേരുമെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ഭിന്നതയ്ക്കിടെ ഇന്ന്‌ 
ലീഗ്‌ പ്രവർത്തകസമിതി
മുസ്ലിംലീഗ്‌ സംസ്ഥാന പ്രവർത്തക സമിതിയോഗം വ്യാഴാഴ്‌ച കോഴിക്കോട്ട്‌‌ ചേരും. രാവിലെ 10ന്‌ സംസ്ഥാനകമ്മിറ്റി ഓഫീസായ ലീഗ്‌ ഹൗസിലാണ്‌ യോഗം. മുനമ്പം വിഷയത്തിലെ ഭിന്നതയും  സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുമായുള്ള തർക്കവും ശക്തമായ സന്ദർഭത്തിലാണ്‌ യോഗം. വഖഫ്‌ വിഷയത്തിൽ നേതൃനിലപാടുകളെ വിമർശിച്ച്‌ ലീഗ്‌ ഹൗസിന്‌ മുന്നിൽ ബുധനാഴ്‌ച പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. മുനമ്പം വഖഫ്‌ ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ  നിലപാടിനെ പിന്തുണക്കുകയാണ്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും. ഇ ടി മുഹമ്മദ്‌ ബഷീർ, എം കെ മുനീർ , കെ എം ഷാജി എന്നിവർ സതീശന്റെ നിലപാടിനെ തള്ളുകയുണ്ടായി. വഖഫ്‌ ഭൂമി അല്ലെന്ന വാദത്തിന്‌ മുന്നിൽ ഭൂമിക്കച്ചവടക്കാരെ സംരക്ഷിക്കയാണെന്ന വാദം പാർടിയിൽ ശക്തമാണ്‌. പ്രവർത്തകസമിതിയിൽ ഇക്കാര്യം ചർച്ചയാകും. സമസ്‌തയുമായുള്ള അനുരഞ്ജന ചർച്ച പൊളിഞ്ഞതും വിവിധ പ്രശ്‌നങ്ങളിലെ തർക്കവും യോഗത്തിൽ ഉയരും. സമസ്‌തക്കെതിരെ ആദർശ സംരക്ഷണസമിതി എന്ന പേരിൽ സമാന്തര സംഘടന രൂപീകരിച്ചതിൽ ചില നേതാക്കൾക്ക്‌ യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കാതെ സാദിഖലി തങ്ങൾ പക്ഷംപിടിക്കുന്നുവെന്ന അഭിപ്രായവും ചിലർക്കുണ്ട്‌. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രവർത്തനങ്ങളിലെ വിയോജിപ്പും നേതാക്കൾ പങ്കിടും. പ്രവർത്തകസമിതിക്ക്‌ മുമ്പ്‌ രാവിലെ ഒമ്പതരക്ക്‌ സംസ്ഥാന ഭാരവാഹിയോഗവും ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top