23 December Monday

ലീഗുമായി ഭിന്നതയ്‌ക്കിടെ സമസ്ത മുശാവറ നാളെ

പ്രത്യേക ലേഖകൻUpdated: Tuesday Dec 10, 2024


കോഴിക്കോട്‌
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതസഭയായ മുശാവറയുടെ യോഗം ബുധനാഴ്ച കോഴിക്കോട്ട്‌‌ ചേരും. രാവിലെ 10ന്‌ ഫ്രാൻസിസ്‌ റോഡിലെ സമസ്ത ഓഫീസിലാണ്‌ യോഗം.  മുസ്ലിംലീഗുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്‌ യോഗംചേരുന്നത്‌. ലീഗ്‌ നേതൃത്വത്തിൽ സമസ്തയ്‌ക്കെതിരെ ആദർശ സംരക്ഷണസമിതി രൂപീകരിച്ചതടക്കം യോഗത്തിൽ ചർച്ചയാകും.

ലീഗ്‌ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത്‌ സമാന്തര സംഘടന രൂപീകരിച്ചത്‌ സമസ്തയെ പിളർത്താനാണെന്ന വികാരം പണ്ഡിതനേതൃത്വത്തിൽ ചിലർക്കുണ്ട്‌. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ  മുശാവറ അംഗം ഉമർഫൈസി മുക്കം വിമർശിച്ചത്‌ യോഗത്തിൽ ലീഗ്‌ അനുകൂലികൾ ഉന്നയിക്കും. ഉമർഫൈസിയെ മുശാവറയിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. ഇതിനോട്‌ സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾക്കടക്കം യോജിപ്പില്ലെന്നാണ്‌ സൂചന.
ലീഗിലെ ഒരുവിഭാഗം സമസ്തയെയും നേതാക്കളെയും അധിക്ഷേപിക്കുന്നതിൽ നേതാക്കളിലും പ്രവർത്തകരിലും അമർഷമുണ്ട്‌. 

കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക്‌ കോളേജസുമായി (സിഐസി) ബന്ധപ്പെട്ട്‌ ലീഗ്‌–-സമസ്ത ചർച്ചയിലുണ്ടാക്കിയ ധാരണ പാലിക്കാത്തതാണ്‌ മറ്റൊരു വിഷയം. സമസ്ത വിരുദ്ധനായ സിഐസി ജനറൽ സെക്രട്ടറി  അബ്ദുൾ ഹക്കീം ഫൈസി ആദൃശേരിയുടെ പ്രവർത്തനം ലീഗ്‌ നേതൃത്വത്തിന്റെ  അറിവോടെയാണ്‌. സമൂഹമാധ്യമങ്ങളിൽ സിഐസി  പ്രചാരകരായി ലീഗ്‌ നേതാക്കൾ മാറിയതിലും സമസ്ത നേതൃത്വത്തിന്‌ അതൃപ്തിയുണ്ട്‌. ഈ പശ്ചാത്തലത്തിൽ സിഐസിയുമായുള്ള  ബന്ധം അവസാനിപ്പിക്കുന്നത്‌ മുശാവറ പരിഗണിക്കും. ജിഫ്രി തങ്ങളെ അവഹേളിച്ച്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പരാമർശങ്ങൾ, പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ പരസ്യത്തെച്ചൊല്ലി സുപ്രഭാതം പത്രത്തിനെതിരായ വിമർശം എന്നിവയും ചർച്ചയാകും.

സമസ്‌തയിലെ ചർച്ച പാളി; ലീഗ്‌ 
വിരുദ്ധവിഭാഗം ബഹിഷ്‌കരിച്ചു
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)യിലെ അഭിപ്രായഭിന്നത ചർച്ചചെയ്യാനെന്ന പേരിൽ മുസ്ലിംലീഗ്‌ നേതൃത്വം വിളിച്ച യോഗം സമസ്‌തയിലെ ഒരുവിഭാഗം ബഹിഷ്‌കരിച്ചു. ഇതോടെ അടുത്ത ദിവസം വീണ്ടും യോഗം ചേരുമെന്ന്‌  പറഞ്ഞ്‌ ലീഗ്‌ നേതൃത്വം തടിയൂരി. തിങ്കൾ പകല്‍ മൂന്നിന്‌ വുഡ്‌ബൈൻ ഹോട്ടലിൽ യോഗം ചേരുമെന്നാണ്‌ നേതാക്കൾ അറിയിച്ചത്‌. യോഗത്തിൽ പങ്കെടുക്കില്ലെന്ന്‌ സമസ്‌തയിലെ ലീഗ്‌വിരുദ്ധർ നേരത്തെ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത്‌ ധിക്കാരമാകുമെന്ന്‌ രാവിലെ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ ഭീഷണി മുഴക്കിയെങ്കിലും വിലപ്പോയില്ല. ഇരുവിഭാഗങ്ങളിൽനിന്നും പത്തുപേർവീതം യോഗത്തിൽ പങ്കെടുക്കാനായിരുന്നു നിർദേശം.

ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, മുശാവറ അംഗം എം ടി അബ്ദുള്ള മുസ്ല്യാർ  എന്നിവർക്കുപുറമെ സമസ്‌തയിലെ ലീഗ്‌ അനുകൂലികൾമാത്രമാണ്‌ പങ്കെടുത്തത്‌. ബുധനാഴ്‌ച സമസ്‌ത മുശാവറ ചേരാനിരിക്കെയാണ്‌ ലീഗ്‌ ഇടപെട്ട്‌ യോഗം വിളിച്ചത്‌. ഉമ്മർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് പുറത്താക്കുന്നത്‌ ഉൾപ്പെടെ തീരുമാനമെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു ചർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top