കോഴിക്കോട് > സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ശുദ്ധീകരിക്കാൻ ആർക്കും കരാർ കൊടുക്കുന്നില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിശുദ്ധന്മാർ സ്ഥാപിച്ച പ്രസ്ഥാനമാണിത്. അത് ശുദ്ധീകരിക്കാന്ന് പറഞ്ഞ് പരസ്യവുമായി ചില കമ്പനികൾ ഇറങ്ങിയിട്ടുണ്ട്. അത് സമസ്തയിൽ വേണ്ട. സമസ്തയിൽ ശുദ്ധീകരണ പ്രക്രിയക്ക് കരാറുമായി ആരും വരണ്ട - മൈസൂരിൽ സമസ്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയിൽ ശുദ്ധികലശം വേണമെന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞത് പരാമർശിക്കാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്തയുടെ ഓഫീസ് ശുചിയാക്കാൻ ആളുണ്ട്. കക്കൂസ് വൃത്തിയാക്കാനുമുണ്ട്. അതിനൊന്നും പുറത്തുള്ള കമ്പനിക്കാർ വേണ്ട -ജിഫ്രി തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് പിന്തുണക്കുന്ന ആദൃശേരി കഴിഞ്ഞ ദിവസം മലപ്പുറത്ത് വാർത്താ സമ്മേളനത്തിലാണ് സമസ്തയെ ആക്ഷേപിച്ച് ശുദ്ധീകരണ ആവശ്യം ഉയർത്തിയത്. സി ഐ സി യുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി കഴിഞ്ഞയാഴ്ച ചേർന്ന സമസ്ത മുശാവറ പ്രഖ്യാപിച്ചിരുന്നു. ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി തങ്ങളാണ് സി ഐ സി യുടെ പ്രസിഡൻ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..