കൊല്ലം > സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രം വീണ്ടും തുറന്നു. പ്രാക്കുളം, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളിക്കടവ് എന്നിവിടങ്ങളിൽനിന്ന് ഓൺലൈൻ ബുക്കിങ് സൗകര്യത്തോടെയാണ് പ്രവേശനം പുനരാരംഭിച്ചത്. ബോട്ടുകൾക്ക് ഓരോ കടവിലും ടേൺ സമ്പ്രദായം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് വിട്ടുനിന്ന ബോട്ടുകൾ ഞായർ മുതൽ സർവീസ് നടത്തും. ടൂറിസം എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഡിടിപിസി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
ഡിടിപിസിയിൽ രജിസ്റ്റർ ചെയ്ത 53 ബോട്ടുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് 15 ദിവസം വീതം ഓരോ കടവുകളിൽനിന്ന് സർവീസ് നടത്തും. സഞ്ചാരികൾ പ്രവേശന ടിക്കറ്റിനൊപ്പം അടയ്‌ക്കുന്ന യാത്രക്കൂലി 15 ദിവസം കൂടുമ്പോൾ ബോട്ടുകൾക്ക് വീതിച്ചുനൽകും. മാസം തോറും ഒരു ലക്ഷത്തിലധികം രൂപ ബോട്ടുകൾക്ക് യാത്രക്കൂലിയായി ലഭിക്കും.ബോട്ട് ജീവനക്കാർക്ക് തുല്യമായ വരുമാനം ഉറപ്പാക്കാനാണ് ടേൺ സമ്പ്രദായം നടപ്പാക്കിയത്. സഞ്ചാരികൾക്ക് ഇഷ്ടമുള്ള കൗണ്ടറിൽനിന്ന് ഓൺലൈൻ ടിക്കറ്റ് മുഖേന ടൂറിസം കേന്ദ്രത്തിലെത്താം. സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..