അഞ്ചാലുംമൂട്
സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച വീണ്ടും തുറക്കും. ആയിരക്കണക്കിനു വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടെ പുതിയ ടിക്കറ്റ് കൗണ്ടർ തുറക്കുന്നതുമായി തർക്കം ഉണ്ടായതിനെ തുടർന്ന് ഒരു മാസമായി കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചർച്ചയിൽ തീരുമാനിച്ച മൂന്ന് കടവുകളിൽ നിന്ന് പൂർണമായും ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിലാണ് പ്രവേശനം പുനരാരംഭിക്കുന്നത്.
പ്രാക്കുളം സാമ്പ്രാണിക്കോടി, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ കടവിൽ നിന്ന് സഞ്ചാരികൾക്ക് കായൽ നടുവിലുള്ള ടൂറിസം കേന്ദ്രത്തിലേക്ക് ബോട്ടിൽ എത്താം. എന്നാൽ, കുരീപ്പുഴ പള്ളിക്കടവിനോട് ചേർന്ന പള്ളിപ്പുരയിടം ഉപയോഗിക്കുന്നതിന് ബിഷപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സൗകര്യമുള്ള കൗണ്ടർ തെരഞ്ഞെടുക്കാം. ഡിടിപിസിയിൽ രജിസ്റ്റർചെയ്ത് സർവീസ് നടത്തുന്ന ബോട്ടുകളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ച് ഒരോ ദിവസവും കൗണ്ടറുകൾ മാറി സർവീസ് നടത്തുന്ന രീതിയിൽ ടേൺ സമ്പ്രദായമാണ് നടപ്പാക്കുന്നത്. എല്ലാ ബോട്ടുകൾക്കും വരുമാനം തുല്യമായി ലഭിക്കുന്നതിനു വേണ്ടിയാണ് ടേൺ സംവിധാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..