22 November Friday

സമുദ്ര പറയും അറബിക്കഥകൾ

സുനീഷ്‌ ജോUpdated: Friday Sep 20, 2024

തിരുവനന്തപുരം > ‘ഇഷ്ടമുള്ളത്‌ പഠിക്കുക. അധ്വാനിക്കുക കൂടി ചെയ്‌താൽ ആഗ്രഹിക്കുംപോലെ വളരാനാകും’ – അറബിക്‌ വിഭാഗത്തിൽ അസി. പ്രൊഫസറായി നിയമിതയായ കാട്ടാക്കട കുറ്റിച്ചൽ സ്വദേശിനി ജി കെ സമുദ്രയുടെ വാക്കുകൾ. ആദ്യനിയമനം തിരുവനന്തപുരം ഗവ. ആർട്‌സ്‌ കോളേജിലാണ്‌. പൊതുവിഭാഗത്തിൽനിന്നുള്ളവർ അധികം ചേരാത്ത അറബിക്കിന്‌ ചേരുകയും ജെആർഎഫും നെറ്റും കരസ്ഥമാക്കുകയും ചെയ്‌തു.

‘ഒന്നാം ക്ലാസ്‌ മുതൽ അറബി പഠിച്ചു തുടങ്ങിയിരുന്നു. 12–-ാം ക്ലാസുവരെ പൊതുവിഭാഗത്തിൽനിന്ന്‌ താൻ മാത്രമായിരുന്നു ആ ക്ലാസിൽ. അന്നത്തെ അധ്യാപകർ നൽകിയ പിന്തുണയാണ്‌ പിന്നീട്‌ ബിരുദ പഠനത്തിന്‌ അറബിക്‌ എടുക്കാൻ ധൈര്യം നൽകിയത്‌’ –- സമുദ്ര പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബിരുദ–-ബിരുദാനന്തര പഠനം. ബിഎ അറബിക്‌ ക്ലാസിൽ പൊതുവിഭാഗത്തിൽനിന്ന്‌ 2 പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. എംഎയ്ക്ക്‌ താൻ മാത്രമായിരുന്നു’ അവർ കൂട്ടിച്ചേർത്തു.
 
കൂലിപ്പണിക്കാരനായ അച്ഛൻ ഗിരീഷ്‌കുമാറും അമ്മ ജയപ്രഭയും ഒന്നാം ക്ലാസിൽ അറബിക്കിന്‌ ചേർത്തതാണ്‌ വേറിട്ട വഴിയിലൂടെയുള്ള സഞ്ചാരത്തിന്‌ തുടക്കമിട്ടത്‌. കോളേജ്‌ അധ്യാപികയാകുന്നതിനുമുമ്പ്‌ സമുദ്ര സ്‌കൂളിലും ജോലി ചെയ്‌തിട്ടുണ്ട്. അറബിക്കിൽ ഗവേഷണവും മികച്ച അധ്യാപികയായി മാറണമെന്ന സ്വപ്‌നത്തിനും പിറകെയാണ്‌ സമുദ്ര.

അറബിക്കിന്‌ കോളേജിൽ പൊതുവിഭാഗത്തിൽനിന്നുള്ള ഒരാൾ അധ്യാപികയായി എത്തുന്നത്‌ അപൂർവമാണെന്ന്‌ യൂണിവേഴ്‌സിറ്റി കോളേജിലെ അറബിക്‌ അധ്യാപകനും എഴുത്തുകാരനുമായ എം എ അസ്‌കർ പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ചും അറബി ഭാഷാ-സാഹിത്യ പഠനരംഗത്ത് ചരിത്ര മുഹൂർത്തമാണിത്. അറബിഭാഷ സാഹിത്യപഠന മേഖലയിൽ തനിക്കുപിന്നേ വരുന്നവർക്ക് വെളിച്ചം പകരാൻ സമുദ്രയ്ക്ക്‌ കഴിയും. അത്‌ തന്റെ വിദ്യാർഥിയായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top