16 November Saturday

സന്ദീപ് വാര്യർ കോൺഗ്രസിൽ; ബിജെപിക്കെതിരെ രൂക്ഷവിമർശനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

പാലക്കാട്‌> ബിജെപി നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൽ ചേർന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ. രാവിലെ എണീറ്റുകഴിഞ്ഞാൽ വൈകുന്നേരം വരെ വെറുപ്പ്‌ മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ്‌ ബിജെപി എന്ന്‌ സന്ദീപ്‌ വാര്യർ കുറ്റപ്പെടുത്തി. പ്രതീക്ഷിച്ച പിന്തുണയും കരുതലും ആ സംവിധാനത്തിൽ ഉണ്ടായിരുന്നില്ല. ബിജെപി ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തു. ശ്രീനിവാസൻ കൊലപാതകം നടന്ന സമയത്ത്‌ ഏറ്റവും കൂടുതൽ സുരക്ഷാഭീഷണി ഉണ്ടായിരുന്ന ആളായിരുന്നു താൻ. എന്നാൽ ആ കൊലപാതകം നടന്ന ഉടൻ ബിജെപി നേതാക്കൾക്കെല്ലാം മാറിനിൽക്കാൻ സന്ദേശം വന്നപ്പോൾ പാർടി തനിക്ക്‌ സന്ദേശമയച്ചില്ല. കൊല്ലപ്പെടുകയാണെങ്കിൽ താൻ കൊല്ലപ്പെടട്ടെ എന്ന്‌ പാർടി കരുതി.

അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല.  തുടർച്ചയായി അപമാനിക്കപ്പെടുകയാണ്‌. ഇത്തരത്തിൽ മുന്നോട്ടുപോകാനില്ലയെന്ന്‌ സന്ദീപ്‌ വാര്യർ നേരത്തെ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞിരുന്നു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുന്നയിച്ച്‌  സന്ദീപ്‌  ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാറിനെയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.  ‘അമ്മ മരിച്ചപ്പോൾ കാണാൻപോലും വരാത്തയാളാണ്‌ കൃഷ്‌ണകുമാർ. പാലക്കാട്ടെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ ഉൾപ്പെടെ ആശ്വസിപ്പിക്കാനെത്തി. യുവമോർച്ചയിൽ ഒരുമിച്ച്‌ പ്രവർത്തിച്ചുവെന്ന കൃഷ്‌ണകുമാറിന്റെ വാക്കുകൾ സത്യമല്ല. അദ്ദേഹം ഒരിക്കലെങ്കിലും എന്റെ വീട്‌ കണ്ടിട്ടുണ്ടോ. കൺവൻഷനിൽ സീറ്റ്‌ കിട്ടാത്തതിൽ പിണങ്ങിപ്പോകുന്നവനല്ല ഞാൻ. എനിക്ക്‌ മാനസിക പ്രശ്‌നങ്ങൾ നേരിട്ടു. അത്‌ ഒരു പരിപാടിയിൽ സംഭവിച്ചതല്ല, നിരന്തരം തുടരുന്നതാണ്‌. അത്‌ പറയാൻ ഉദ്ദേശിക്കുന്നില്ല.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ സന്ദീപ്‌ വാര്യരുടെ ഇറങ്ങിപ്പോക്ക് ബിജെപിയിൽ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ലെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.  സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രൻ പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top