പാലക്കാട്
കേരളം കണ്ട ഏറ്റവും വലിയ കാപട്യമാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. സംഘപരിവാർ ആശയങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ഒരാൾ കോൺഗ്രസിന്റെ ഭാഗമാകുകയാണ്. ഇയാളെ പച്ച കേക്ക് കൊടുത്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചതിന്റെ ഔചിത്യമെന്താണ്. കോൺഗ്രസിലേക്ക് ഒരാൾ വന്നാൽ ലീഗ് നേതാക്കളുടെ കൈയും കാലുമാണോ പിടിക്കേണ്ടത്. വിഷയത്തിൽ കോൺഗ്രസും സന്ദീപ് വാര്യരും നിലപാട് വ്യക്തമാക്കണം.
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽനിന്നും സ്വീകരിച്ച നിലപാടുകളിൽനിന്നും മോചിതനാണ്, ഇനി പ്രവർത്തിക്കില്ല എന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുമായിരുന്നില്ല. എസ്‌ഡിപിഐ, ആർഎസ്‌എസ്, കോൺഗ്രസ്, ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും മോശമായ രംഗമാണിവിടെ കാണുന്നത്.
സന്ദീപ് വാര്യർ ആർഎസ്‌എസ് വിട്ടിട്ടില്ല. അദ്ദേഹത്തിന്റെ അമ്മ ആർഎസ്‌എസ് പരിശീലനത്തിനുവേണ്ടി വിട്ടുകൊടുത്ത സ്ഥലം ഇപ്പോൾ ആരുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കണം. ഇരട്ടവോട്ടുകൾ ചെയ്യാൻ അനുവദിക്കില്ല. മതസൗഹാർദം നൂറ് ശതമാനവും കാത്തുസൂക്ഷിക്കും. അതിനെതിരായ നീക്കം എന്തുവിലകൊടുത്തും നേരിടുമെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..