തിരുവനന്തപുരം
ആർഎസ്‌എസ് കേരളഘടകത്തിലെ ചിലർ നിർബന്ധിക്കുന്നുണ്ടെങ്കിലും സന്ദീപ് വാര്യരെ പിന്നാലെപോയി അനുനയിപ്പിക്കേണ്ടെന്ന നിലപാടിൽ ബിജെപി ഔദ്യോഗിക നേതൃത്വം. പാർടിക്ക് കാര്യമായി ക്ഷീണമുണ്ടാക്കാൻ കഴിയുന്ന ആളല്ല സന്ദീപ് എന്നാണ് ഇവരുടെ വിലയിരുത്തൽ. ‘എവിടെവരെ പോകുമെന്ന് നോക്കാം’ എന്ന് തിങ്കളാഴ്ച പറഞ്ഞ സുരേന്ദ്രൻ ചൊവ്വാഴ്‌ച ഒന്നുകൂടി കടുപ്പിച്ചു. ‘ ഇനി മറുപടിയില്ല, നിങ്ങൾ എന്തുവേണമെങ്കിലും എഴുതിക്കോ ’എന്നാണ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
തെരഞ്ഞെടുപ്പ് സമയത്തുതന്നെ സന്ദീപ് പൊട്ടിത്തെറിച്ചത് വലിയ ക്ഷീണമായെന്നാണ് നേതാക്കളുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് കഴിയുംവരെ കാര്യമായ നടപടികളെടുക്കാതെ മുന്നോട്ടുപോകാനും അതുകഴിഞ്ഞാൽ പുറത്താക്കാനുമാണ് സുരേന്ദ്രനും കൂട്ടരും ആലോചിക്കുന്നത്. സന്ദീപിനെ അനുനയിപ്പിക്കാൻ ആർഎസ്‌എസും ബിജെപിയുടെ ദേശീയ നേതാക്കളും ഇടപെട്ടിരുന്നു. ചില വാഗ്ദാനങ്ങൾ നൽകി പിടിച്ചുനിർത്താനാണ് ശ്രമിച്ചത്. ഇതിന് സുരേന്ദ്രന്റെ പിന്തുണയില്ല.
അതേസമയം, സമൂഹമാധ്യമങ്ങളിൽ സന്ദീപിന് പിന്തുണയർപ്പിച്ച് നിരവധി നേതാക്കളും ബിജെപി പ്രവർത്തകരും രംഗത്തെത്തി. ആത്മാഭിമാനം പണയപ്പെടുത്തി ബിജെപിയിൽ തുടരേണ്ടതില്ലെന്നാണ് ബിജെപിയോട് വിടപറഞ്ഞവരുടെ ഉപദേശം. പാർടിപ്രശ്നം കൃത്യമായി ചൂണ്ടിക്കാട്ടാൻ പറ്റിയ സമയം തെരഞ്ഞെടുപ്പുതന്നെയാണെന്നും സന്ദീപിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. നിർണായക സമയത്ത് പാർടിയെ തള്ളിയത് ശരിയായില്ലെന്ന നിലപാടാണ് സുരേന്ദ്രൻ അനുകൂലികൾക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..