പാലക്കാട്
കോൺഗ്രസിലെത്തിയ ആർഎസ്‌എസ് നേതാവ് സന്ദീപ് വാര്യർക്ക് ചുമതല നൽകുന്നതിൽ അനിശ്‌ചിതത്വം തുടരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമായ സാഹചര്യത്തിൽ സന്ദീപിന് എന്തുസ്ഥാനം നൽകണമെന്നതിൽ ഇനിയും ധാരണയായിട്ടില്ല. അദ്ദേഹത്തെ കോൺഗ്രസിലെത്തിച്ചത് സംബന്ധിച്ച് അവകാശവാദവും തർക്കവും തുടരുന്നതിനിടെയാണ് തീരുമാനം വൈകുന്നത്. നേതാക്കളുടെ ഒപ്പം നിൽക്കുന്നവർക്കേ പദവി നൽകൂവെന്ന കീഴ്‌വഴക്കം നിലനിൽക്കുന്ന കോൺഗ്രസിൽ സന്ദീപ് വാര്യർ ഏതുപക്ഷത്താണ് എന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നു. ആർഎസ്‌എസ് ഉയർത്തുന്ന തീവ്ര ഹിന്ദുവർഗീയതയെ തള്ളിപ്പറയാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
കെപിസിസി സെക്രട്ടറിയാക്കാനാണ് നേരത്തേ ധാരണയായതെങ്കിലും അത് പാർടിക്ക് കൂടുതൽ കുഴപ്പം സൃഷ്ടിക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അടുത്തകാലംവരെ കോൺഗ്രസിനെതിരെ പറഞ്ഞ വാചകങ്ങൾ തിരിച്ചടിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. വി ഡി സതീശനാണ് സന്ദീപ് വാര്യരെ പാർടിയിലേക്ക് കൊണ്ടുവന്നതെന്ന് അവകാശവാദം ഉയർത്തിയതോടെ സുധാകരനും ചെന്നിത്തലയും കൈവിട്ടു. പ്രസിഡന്റ് സ്ഥാനം തുലാസിലായ സുധാകരൻ സന്ദീപിന്റെ കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും അറിയിച്ചു.
കടുത്ത വർഗീയവിഷം ചീറ്റുന്ന ഇദ്ദേഹത്തെ കോൺഗ്രസ് ചുമക്കണോയെന്ന ചോദ്യം ലീഗും ഉയർത്തിത്തുടങ്ങി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസിലേക്ക് എത്തിയതെന്നതിനാൽ അന്ന് ലീഗ് എതിർത്തിരുന്നില്ല. സന്ദീപിന്റെ വരവ് യുഡിഎഫിന് ഗുണം ചെയ്‌തില്ല എന്ന വിലയിരുത്തലാണ് ലീഗിന്. ബിജെപിയിൽ ഉന്നത നേതൃപദവി കിട്ടാതിരുന്ന സന്ദീപ് വാര്യർക്ക് 24 അംഗ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നതിൽ ഭൂരിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന് ജില്ലാ നേതൃത്വവും അറിയിച്ചതായാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..