അഗളി
പെൺകുട്ട്യോൾക്കെന്താ മാവേലി കെട്ടിയാല് ? സഞ്ജനയുടെ ഒറ്റ ചോദ്യത്തിൽ ടീച്ചർക്കും സമ്മതം... അതോടെ അട്ടപ്പാടി കാരറ ഗവ. യുപി സ്കൂളിലെ ആറാം ക്ലാസുകാരി സഞ്ജന മാവേലിയായി... സഞ്ജന മാവേലിയായ വാർത്ത മന്ത്രി ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. കൂടെ മാവേലി വേഷത്തിലുള്ള ഫോട്ടോയും പങ്കുവച്ചു.
ഞങ്ങടെ ‘സുന്ദരി മാവേലി' എന്ന തലക്കെട്ടിൽ സ്കൂൾ പ്രധാനാധ്യാപിക സിന്ധു സാജന്റെ ഫേസ്‌ബുക്ക് കുറിപ്പ് കണ്ടാണ് മന്ത്രി പ്രതികരിച്ചത്. ‘സഞ്ജനയുടെ വലിയ ആഗ്രഹമായിരുന്നു ഓണത്തിന് മാവേലി വേഷം കെട്ടണമെന്ന്. ഡാൻസ് കളിക്കാൻ കൂട്ടുകാർ കൂട്ടാത്ത സങ്കടത്താലാണ് മാവേലിയാകണമെന്ന മോഹം സഞ്ജനയിലുണ്ടായത്. ക്ലാസ് ടീച്ചറായ ദിവ്യ ടീച്ചറോടാണ് സഞ്ജന തന്റെ ആഗ്രഹം പറഞ്ഞത്.
സ്കൂളിലെ ബെസ്റ്റ് വളന്റിയർ അവാർഡ് നേടിയ വിദ്യാർഥിയാണ് സഞ്ജന. ആദ്യമൊക്കെ വലിയ പരാതിയായിരുന്നു. ആരും പറഞ്ഞത് കേൾക്കുന്നില്ല, കളിക്കാൻ കൂട്ടുന്നില്ല എന്നൊക്കെ. വളന്റിയർമാർ വലിയ ക്ഷമയും സഹനവും ഉള്ളവരായിരിക്കണം എന്നെല്ലാം പറഞ്ഞ് ചേർത്തുപിടിച്ചു. ഒരാഴ്ച കൊണ്ടുതന്നെ പരാതി നിർത്തി സഞ്‌ജന ഉഷാറായി. ’ സിന്ധു ടീച്ചറുടെ എഫ്‌ബി പോസ്റ്റ് ഇങ്ങനെ തുടരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇതേ സ്കൂളിലെ രണ്ടാം ക്ലാസുകാരി സുദീപ, അമ്മയുമായി ചേർന്ന് സ്കൂൾ ഡയറിയുടെ പേജുകളിൽ വരച്ച ചിത്രങ്ങളും എഴുത്തുകളും കണ്ട് അഭിനന്ദിച്ചും മന്ത്രി പോസ്റ്റ് പങ്കുവച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..