17 November Sunday

മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവസംഘാം​ഗം സന്തോഷ് ശെൽവം തന്നെയെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ആലപ്പുഴ > മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷ് ശെൽവമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതാണ് മോഷണസംഘത്തിലെ പ്രതികളിലൊരാൾ സന്തോഷാണെന്ന് ഉറപ്പിക്കാൻ സഹായകമായതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സമാനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. മോഷണത്തിന്റെയും ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയുടെയും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‍നാട് പൊലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് പൊലീസ് സന്തോഷ് ഉൾപ്പെടെയുള്ള ചിലരെ എറണാകുളം കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന്‌ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘം കൂട്ടംചേർന്ന്‌ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ്‌ സന്തോഷ് രക്ഷപ്പെട്ടത്‌. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ്‌ വ്യാപക തിരച്ചിൽ നടത്തി. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തിയിരുന്നു. നാലുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

സന്തോഷിനൊപ്പം മണികണ്ഠൻ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു. മോഷണത്തിൽ മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. മോഷണസംഘത്തിലെ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയ സാഹചര്യത്തിൽ കുറുവാ സംഘത്തിൽ പെട്ടവരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ എറണാകുളം പൊലീസ് പരിശോധന ശക്തമാക്കി.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top