01 December Sunday

സമരഭരിതമായ ജീവിതം; കരുത്തുറ്റ സംഘാടക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 30, 2023

സരോജിനി ബാലാനന്ദനും ബാലാനന്ദനും (ഫയൽ ഫോട്ടോ‍)

കൊച്ചി> സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന കാലത്ത്‌ സ്‌ത്രീകളെ രാഷ്‌ട്രീയത്തിലേക്ക്‌ ആകർഷിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിത്വമാണ്‌ സരോജിനി ബാലാനന്ദന്റേത്‌. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ ബാലാനന്ദന്റെ ഭാര്യയായി കൊല്ലത്തുനിന്നും എറണാകുളത്ത്‌ എത്തുമ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാഭ്യാസം മാത്രമായിരുന്നു സരോജിനിയുടെ കൈമുതൽ. അവിടെനിന്ന് ജനാധിപത്യമഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ വെെസ് പ്രസിഡന്റും സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും കളമശേരി പഞ്ചായത്ത് പ്രസിഡന്റുമായി നിറഞ്ഞുനിന്ന പൊതുപ്രവർത്തനത്തിന്റെ ഉജ്വലകാലമാണ് സരോജിനി ബാലാനന്ദൻ നയിച്ചത്.ഭർത്താവിന്റെ ജയിൽ വാസത്തിനിടയിലും കുടുംബവും രാഷ്‌ട്രീയ ജീവിതവും ഒരുമിച്ച് മുന്നോട്ട്‌ കൊണ്ടുപോകാനും അവർക്ക്‌ കഴിഞ്ഞു.

വിവാഹം കഴിഞ്ഞ്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കുടുംബത്തിൽ നിന്ന്‌ പാർടി പ്രവർത്തനത്തിന്റെ ഭാഗമായി  ഭർത്താവിന്‌ മാറിനിൽക്കേണ്ടി വന്നപ്പോഴും മറ്റ്‌ കുടുംബാംഗങ്ങളുടെ പിൻതുണയോടെ ജീവിതം മുന്നോട്ട്‌ കൊണ്ടുപോയി. ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന്റെ അറസ്‌റ്റിന്‌ സാക്ഷിയാകേണ്ടി വന്നു. ഇതിനിടയിൽ ജോലി ചെയ്‌തുകൊണ്ട്‌ കുടുംബത്തിന്റെയും പാർട്ടി നേതാക്കളുടേയും പിൻതുണയോടെ രാഷ്ട്രീയത്തിലും സജീവമായി.

സരോജിനി മകൾ സുലേഖക്കൊപ്പം

സരോജിനി മകൾ സുലേഖക്കൊപ്പം

ഇളയ മകൾ സരളയെ പ്രസവിക്കുന്ന സമയത്തും ബാലാനന്ദൻ ജയിൽ വാസത്തിലായിരുന്നു. സുശീല ഗോപാലനൊപ്പം ജയിലിലെത്തിയാണ്‌ ബാലാനന്ദനെ കുഞ്ഞിനെ കാണിച്ചത്‌. സുശീല ഗോപാലനുമായി ദീർഘകാലമായി അടുത്ത്‌ പരിചയവും സഹോദരതുല്യ ബന്ധവും സൂക്ഷിച്ചിരുന്നു. സിപിഐ എമ്മിലെ വനിതാ നേതാക്കളിൽ ഒരാളായി സംസ്ഥാന കമ്മറ്റിയിൽ വരെ മികച്ച സാന്നിധ്യമായിരുന്നു സരോജിനി.

സമരാനുഭവങ്ങളുടെ തീയിൽ കുരുത്ത കരുത്തുമായാണ് 1996ൽ കന്നിയങ്കത്തിന് ആലുവ നിയോജക മണ്ഡലത്തിൽ  സ്ഥാനാർഥിയായത്. അന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. വിലക്കയറ്റത്തിനും സ്ത്രീ പീഡനത്തിനുമെതിരെ നാടിന്റെ പൊതുപ്രശ്നങ്ങളുയർത്തി നടത്തിയ സമരങ്ങളിൽ നിരവധിതവണ പൊലീസ് ഗുണ്ട മർദനങ്ങളേറ്റു.

74ൽ വറുതിയുടെ നാളുകളിൽ പൂഴ്ത്തിവെയ്പ്പിനെതിരായി എറണാകുളത്ത് സരോജിനിയുടെ നേതൃത്വത്തിൽ  സ്ത്രീകൾ നടത്തിയ സമരത്തെ നേരിട്ടത് ഗുണ്ടകളാണ്.  അന്ന് ക്രൂരമായ മർദനമേറ്റ  സരോജിനി ഏറെ നാൾ ആശുപത്രിയിലായിരുന്നു. 84 ലെ കേരള ബന്ദ് ദിനം കളമശേരിയിൽ  തൊഴിലാളികൾ നടത്തിയ പ്രകടനത്തെ  തോക്കും ലാത്തിയുമായാണ് പൊലീസ് നേരിട്ടത്. കയ്യെല്ലു പൊട്ടിയ സരോജിനിയെ പൊലീസ് തന്നെ  എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി 15  ദിവസത്തേക്ക് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അന്ന് സമരത്തോടനുബന്ധിച്ച് പൊലീസ് കെട്ടിച്ചമച്ച വധോദ്യമക്കേസിൽ സരോജിനിയായിരുന്നു ഒന്നാം പ്രതി.

ആലുവ അശോക ടെക്റൈൽസിലെ  ക്ലർക്കായിരിക്കെ പൊതുപ്രവർത്തനത്തിലേക്കുവന്ന സരോജിനി 1968 മുതൽ 71 വരെ മഹിളാ ഫെഡറേഷൻ ആലുവ താലൂക്ക് സെക്രട്ടറിയും  71 മുതൽ 81 വരെ  എറണാകുളം  ജില്ലാ സെക്രട്ടറിയുമായിരുന്നു. തുടർന്ന് ജനാധിപത്യ അസോസിയേഷൻ അഖിലേന്ത്യാ വെെസ് പ്രസിഡന്റും സിപിഐ എം  സംസ്ഥാന കമ്മിറ്റിയംഗവുമായി. മഹിളാ അസോസിയേഷന്റെ മുഖമാസികയായിരുന്ന  തുല്യതയുടെ ചീഫ് എഡിറ്ററായിരുന്നു.

1964 മുതൽ കളമശേരി പഞ്ചയത്ത് മെമ്പറായിരുന്നു. 1979ൽ പഞ്ചായത്ത് പ്രസിഡന്റുമായി. അക്കാലത്ത് ഭൂരഹിതർക്ക് 7 എക്കർ ഭൂമി വിതരണം ചെയ്തത‍ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.  കളമശേരി ടൗൺഹാൾ, കങ്ങരപടി ആയുർവേദ ആശുപത്രി , എച്ച്എംടി എൽപി സ്കൂൾ, ശ്മശാനം എന്നിവ ഇക്കാലത്തെ വികസന നേട്ടങ്ങളാണ്. സ്ത്രീകളുടെ  പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ രൂപീകരിച്ച പത്മാ രാമചന്ദ്രൻ ചെയർപേഴ്സണായുള്ള ടാസ്ക് ഫോഴ്സിൽ അംഗമായിരുന്നു. വനിതാക്ഷേമം, ശിശു സംരക്ഷണം ബോർഡുകളിലും അംഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top