തിരുവനന്തപുരം
മൂന്നാം വയസ്സുമുതൽ വീടെന്ന തണൽ നഷ്‌ടമായെങ്കിലും പരിമിത സൗകര്യങ്ങളിൽ പഠിച്ചുവളർന്ന ശശികല ഇനി ഡോക്ടറാകും. അമ്മയ്ക്കും അഞ്ചുവയസ്സുകാരി ചേച്ചിക്കും ഒപ്പം വെള്ളനാടുള്ള നമസ്‌തേ വിങ്‌സ് ഫ്ലൈ ഹോമിന്റെ പടി കടന്നെത്തിയ ആ കുരുന്നിന് സ്വപ്നം കാണാൻ പ്രേരകമായത് സ്കൂളും പഠനകാലവുമായിരുന്നു.
അച്ഛൻ കൈലാസ് കുമാറിന്റെ പെട്ടെന്നുള്ള മരണമാണ് മൂവരെയും അനാഥരാക്കിയത്.
എന്ത്, എങ്ങനെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിന്നപ്പോൾ ജനപ്രതിനിധികളുടെ സഹായത്തോടെ മൂവരും നമസ്‌തേ ഹോമിന്റെ തണലിലേക്കെത്തി. വീടല്ലെങ്കിലും വീടിന്റെ സ്നേഹം നൽകി ഹോം അധികൃതർ ഒപ്പംനിന്നു. പഠിച്ചുതുടങ്ങിയതോടെ ഡോക്ടറാകണമെന്ന ആഗ്രഹം പതിയെ പതിയെ ശശികലയിൽ വളർന്നുതുടങ്ങി. പത്തിലും പ്ലസ്‌ടുവിലും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി സ്വപ്നത്തോട് കൂടുതൽ അടുത്തു. 2023ൽ പാസ്‌ഔട്ടായ ശേഷം ഒരു വർഷം സഫയറിന്റെ പരിശീലനം നേടി.
നീറ്റിൽ ഉയർന്ന മാർക്ക് നേടി വിജയം. ഒടുവിൽ എംബിബിഎസ് ഒന്നാം അലോട്ട്‌മെന്റ് വന്നപ്പോൾ ശശികലയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം. സ്വപ്നമാണോ സത്യമാണോയെന്ന് അറിയാതെ ഒരു നിമിഷം പകച്ചെങ്കിലും ഭാവി സുരക്ഷിതമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്ന് ശശികല പറയുന്നു. വെള്ളനാട് ഗവ. എച്ച്‌എസ്‌എസിലായിരുന്നു ശശികലയുടെ പഠനം. അധ്യാപകരുടെയും സിഡബ്ല്യുസിയുടെയും ചെയർപേഴ്‌സൺ ഷാനിബ ബീഗത്തിന്റെയും പിന്തുണ ശശികലയ്ക്ക് എന്നുമുണ്ടായിരുന്നതായി നമസ്‌തേ വിങ്‌സ് ഫ്ലൈ ഹോമിലെ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിൽനിന്നും സ്വകാര്യവ്യക്തികളിൽനിന്നുമുള്ള സഹായത്താലാണ് ഹോമിന്റെ പ്രവർത്തനം. ആറുമാസം മുമ്പ് ശശികലയ്ക്കും കുടുംബത്തിനും ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിച്ചു.
വീട്ടുജോലിക്ക് പോകുന്ന അമ്മ ചന്ദ്രകുമാരിയും ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുന്ന ചേച്ചി രേവതിയും അടങ്ങുന്നതാണ് ശശികലയുടെ കുടുംബം. തുടർ അലോട്ട്‌മെന്റുകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പഠന ചെലവുകൾ സഫയർ അക്കാദമി ഏറ്റെടുത്തിട്ടുണ്ട്. ഇനിയും സഹായങ്ങൾ ലഭിക്കണം ഈ മിടുക്കിക്ക് സ്വപ്നം സാക്ഷാൽക്കരിക്കാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..