തിരുവനന്തപുരം
വെളിപ്പെടുത്തലും ആരോപണവും രണ്ടാണെന്നും ഇത് രണ്ടും കൃത്യമായി വിവരിക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും പ്രശസ്ത മാധ്യമ ചിന്തകനും ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമ ധർമമല്ല. നടന്ന ഒരു കാര്യം പുറത്തുപറയുന്നതാണ് വെളിപ്പെടുത്തൽ, മറ്റേത് ആരോപിക്കലാണ്. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലോക മാധ്യമസഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. പ്രേക്ഷകശ്രദ്ധ ആകർഷിക്കാനുള്ള പെരുപ്പിക്കലും വ്യാഖ്യാനങ്ങളും ഒഴിവാക്കാനാകണം. സ്വയംനിയന്ത്രണം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ നന്മകൾ ലോകത്താകെ വ്യാപിപ്പിക്കുന്നതിന് ശ്രദ്ധിക്കുന്നവരാണ് പ്രവാസി മാധ്യമപ്രവർത്തകരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിയുടെ ‘ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് ’ ബർക്ക ദത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. ലോക്‌ഡൗൺ കാലത്തെ കടുത്ത ദുരിതം റിപ്പോർട്ട് ചെയ്യാൻ പറ്റിയ അവസരം വൻകിട വാർത്താ ചാനലുകൾ ഉപയോഗിച്ചില്ലെന്ന് ബർക്ക ദത്ത് പറഞ്ഞു. വെറുപ്പ് നിർമിക്കുന്ന കേന്ദ്രങ്ങളായി വാർത്താ ചാനലുകൾ മാറിയിരിക്കുന്നു. ഇത് തുറന്നുകാണിക്കാൻ മാധ്യമപ്രവർത്തകർതന്നെ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. ജോൺ ബ്രിട്ടാസ് എംപി, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണൻ, രമ നാഗരാജൻ, കെ പി റെജി തുടങ്ങിയവർ സംസാരിച്ചു. എൻ പി സന്തോഷ് സ്വാഗതവും സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. തുടർന്ന് ആശയസംവാദം നടന്നു. മന്ത്രി പി രാജീവ് സമാപന പ്രസംഗം നടത്തി. സംവിധായകൻ ടി കെ രാജീവ്‌കുമാറിന് ഉപഹാരം സമർപ്പിച്ചു. പ്രവാസി മാധ്യമ പ്രവർത്തകരെ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..