20 December Friday

1000 കുരുന്നുകൾക്ക് പുതുജീവിതം ; ചരിത്രനേട്ടത്തിൽ 
എസ്എടി പീഡിയാട്രിക് 
കാർഡിയോളജി വിഭാഗം

ജി എസ്‌ സജീവ്‌Updated: Friday Dec 20, 2024

എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം 
ശസ്ത്രക്രിയാ വേളയിൽ



തിരുവനന്തപുരം  
ജന്മനായുള്ള ഹൃദ്‌രോഗത്താൽ മരണത്തിന്റെ വക്കിലെത്തിയ 1000 കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തി എസ്എടി ആശുപത്രി. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ മേധാവി ഡോ. എസ് ലക്ഷ്മിയുടെ നേതൃത്വത്തിലാണ്‌ നേട്ടം. 2007ലാണ്‌- സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് കാർഡിയോളജി വിഭാഗം എസ്എടിയിലൊരുങ്ങുന്നത്. 

സ്വകാര്യ ആശുപത്രികൾ 15 ലക്ഷം രൂപ വരെ ഈടാക്കുന്ന ജീവൻരക്ഷാ ചികിത്സയായ എക്മോ പോലും ഇവിടെ സൗജന്യമായി നൽകുന്നു. അതിസങ്കീർണ ഹൃദയശസ്‌ത്രക്രിയകളും സൗജന്യമായി നടത്തി. ഈ വർഷം ഹൃദയം തുറക്കാതെ നടത്തിയ 300ൽഅധികം കത്തീറ്റർ ഇന്റർവെൻഷൻ ചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസം പകരാനായി. കൊച്ചിയിൽ നടന്ന കേരള ഇന്റർവെൻഷൻ കാർഡിയോളജി കൗൺസിൽ മീറ്റിങ്ങിൽ യുവ ഇന്റർവെൻഷനലിസ്റ്റിനുള്ള അവാർഡ് എസ്എടിയിലെ അസി. പ്രൊഫ. ഡോ. കെ എൻ ഹരികൃഷ്ണന് ലഭിച്ചു. ആറുവർഷത്തിനിടെ ഡിപ്പാർട്ട്‌മെന്റ്‌ 850-ൽഅധികം പീഡിയാട്രിക് കാർഡിയാക് ഇന്റർവെൻഷനുകൾ നടത്തി. 150-ൽഅധികം ഓപ്പൺ ഹാർട്ട് സർജറിയും.

യുവ ഇന്റർവെൻഷനലിസ്റ്റിനുള്ള അവാർഡ് നേടിയ ഡോ. കെ എൻ ഹരികൃഷ്ണൻ

യുവ ഇന്റർവെൻഷനലിസ്റ്റിനുള്ള അവാർഡ് നേടിയ ഡോ. കെ എൻ ഹരികൃഷ്ണൻ

തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നുപോലും കുട്ടികൾ ചികിത്സ തേടി എത്താറുണ്ട്. പീഡിയാട്രിക് കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി, കുട്ടികൾക്കു മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയാ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ഹൈ എൻഡ് എക്കോ കാർഡിയോഗ്രാഫി മെഷീനുകൾ എന്നിവയുണ്ട്‌. കാത്ത് ലാബ് ടെക്‌നോളജിസ്റ്റുകളുടെയും കാർഡിയാക് പെർഫ്യൂഷൻ ടെക്‌നോളജിയുടെയും തസ്തികയടക്കം 19 പുതിയ പിഎസ്‌സി തസ്തികയും സർക്കാർ സൃഷ്ടിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു, ജെഡിഎംഇ ഡോ. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലിനറ്റ് ജെ മോറിസ്, എസ്എടി സൂപ്രണ്ട് എസ് ബിന്ദു എന്നിവർ നിർധന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രദ്ധ ചെലുത്തുന്നു. കാർഡിയോളജി സ്‌പെഷ്യാലിറ്റി ഒപിഡികൾ ചൊവ്വ, ശനി ദിവസങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top