തൃശൂർ > മിനിറ്റുകൾക്കകം വായിച്ചു തീർക്കാവുന്ന, കുരുന്നു കൈക്കുമ്പിളിൽ പോലുമൊതുങ്ങുന്ന കുഞ്ഞൻ പുസ്തകങ്ങൾ. വായനാശീലമില്ലാത്തവർ പോലും കൗതുകം കൊണ്ട് കണ്ടാലൊന്ന് കയ്യിലെടുത്ത് വായിച്ചു പോകും. മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകൻ ഗിന്നസ് സത്താർ ആദൂർ ലക്ഷ്യം വച്ചതും അത്രയേയുള്ളു. വായന പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വച്ച് സത്താർ തുടങ്ങിയ മുന്നേറ്റത്തിൽ നിരവധി പേരാണ് മിനിയേച്ചർ പുസ്തകങ്ങളുടെ ആരാധകരായി മാറിയത്.
2008 ലെ വായനദിനത്തിലാണു മിനിയേച്ചർ പുസ്തകങ്ങളെന്ന ആശയം സത്താർ പ്രാവർത്തികമാക്കിത്തുടങ്ങിയത്. 101 കഥകളായിരുന്നു ആദ്യ പുസ്തകം. ആകെ 104 പേജുകൾ. മൂന്നു ഗ്രാം മാത്രം ഭാരമുള്ള പുസത്ത്തിന്റെ വലുപ്പം നാലു സെന്റിമീറ്റർ നീളവും രണ്ടര സെന്റിമീറ്റർ വീതിയും. ഒരു പുസ്തകം പ്രിന്റ് ചെയ്യാൻ വേണ്ടിവരുന്നത് ഒന്നര എ4 ഷീറ്റ്. പിന്നീട് കഥകളും കവിതകളുമൊക്കെയായി അത്തരത്തിൽ നിരവധി പുസ്തകങ്ങൾ. വായിക്കാനിഷ്ടമുള്ളവർക്കൊക്കെ ചില്ലിക്കാശ് വാങ്ങാതെ അവ വിതരണം ചെയ്തു. കഥകളും കവിതകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത് ‘ഫിഫ്റ്റി ഫിഫ്റ്റി' എന്ന ഒന്നര സെന്റീമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയും ഒരു ഗ്രാം തൂക്കവും വരുന്ന സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
പതിനാറു വർഷം മുമ്പ് തുടങ്ങിയ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം ഇപ്പോൾ 35000 കോപ്പിയിലെത്തി നിൽക്കുകയാണ്. 2023 ലെ വായനാദിനത്തിന് പ്രസിദ്ധീകരിച്ച ഹൈക്കു കഥകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. എ ഫോർ ഷീറ്റിൽ 81 കഥകൾ ഉൾക്കൊള്ളിച്ച് മൂന്നര സെന്റീമീറ്റർ നീളവും മൂന്നര ഗ്രാം തൂക്കവും വരുന്ന പുസ്‌തകത്തിന്റെ 4000 കോപ്പികൾ ഒരു വർഷംകൊണ്ട് വായനക്കാരിലെത്തിച്ചു. അഞ്ചാം പതിപ്പായി 6000 കോപ്പികൾ പുറത്തിറക്കി.
കുഞ്ഞൻ പുസത്കങ്ങളിലൂടെ നിരവധി ലോക റെക്കോർഡുകളും സത്താറിനെ തേടിയെത്തിയിട്ടുണ്ട്. 2011ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു എ ഫോർ ഷീറ്റ് കൊണ്ട് 68 പേജുള്ള 10 പുസ്തകങ്ങൾ എന്ന തരത്തിൽ തയ്യാറാക്കിയ കവിത സമാഹാരം സ്മാളസ്റ്റ് റീഡബിൾ പോയട്രി ബുക്ക് എന്ന കാറ്റഗറിയിൽ റെക്കോർഡ് സെറ്റർ (യുഎസ്എ ), റെക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക് (യു കെ ), തുടങ്ങി ഒരു ഡസനോളം ലോക റെക്കോർഡുകൾ നേടി. ഏറ്റവുമധികം മിനിയേച്ചർ പുസ്തകങ്ങൾ ചെയ്ത് സത്താർ ഗിന്നസ് വേൾഡ് റെക്കോർഡിനുടമയായത് 2016 ലാണ്. സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനെന്ന തിളക്കവും ഈ റെക്കോർഡിനുണ്ടാക്കാനായി. ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..