27 December Friday

കുറുവാ സംഘത്തിൽ നിന്ന് പാർടിയെ രക്ഷിക്കൂ; ബിജെപി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

കോഴിക്കോട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ തമ്മിലടി രൂക്ഷമായ  ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് ബിജെപി എന്നെഴുതിയ പോസ്റ്ററുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാ സം​ഘം ആണെന്നും ഇവരെ പുറത്താക്കി പാർടിയെ രക്ഷിക്കുക എന്നുമാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

അതിനിടെ പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാനത്തെ ബിജെപിയിലുണ്ടായ പൊട്ടിത്തെറികളിൽ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ പരസ്യപ്രതികരണങ്ങളും പരിശോധിക്കാൻ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതായാണ് വാർത്തകൾ. മുഴുവൻ പ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് നേതൃത്വത്തിന് അയക്കാൻ നിർദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്. ഇതിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തും. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അന്വേഷണം രഹസ്യമായി നടത്താനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാർടിക്കുള്ളിൽ വിമർശനം ശക്തമായതിന് പിന്നാലെ തോൽവിയിൽ അന്വേഷണം നടത്തണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. താൻ രാജിസന്നദ്ധത അറിയിച്ചതായും സുരേന്ദ്രൻ വാർത്തകൾ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് അന്വേഷണം സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നത്. സുരേന്ദ്രൻ രാജിവയ്ക്കില്ലെന്ന് ഇന്നലെ തന്നെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.

എന്നാൽ കേന്ദ്രം തനിക്കൊപ്പമാണെന്ന് വരുത്തിതീർക്കാൻ സുരേന്ദ്രൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സംസ്ഥാനത്തെ ബിജെപിയിൽ അധ്യക്ഷനെതിരെ വൻ പടയൊരുക്കമാണ് നടക്കുന്നത്.  മുരളീധരനും മുതിർന്ന നേതാവ് എൻ ശിവരാജനും അടക്കമുള്ളവർ സുരേന്ദ്രനാണ് തോൽവിയുടെ ഉത്തരവാദി എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പാലക്കാട് സ്ഥാനാർഥി നിർണയം പാളിയെന്ന് വിമർശിച്ച് ബിജെപി നേതൃത്വത്തിനെതിരെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും രംഗത്ത് വന്നു. ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ ബിജെപി ഭരണമുള്ള നഗരസഭയെ പഴിചാരി നേതൃത്വത്തിന് നൽകിയ വിശദീകരണം പുറത്തായതോടെയായിരുന്നു പ്രതികരണം. ബിജെപി നേതാവ് സന്ദീപ് വാചസ്പതി, സംസ്ഥാന സമിതി അം​ഗം സി വി സജനിയുമടക്കമുള്ളവർ സുരേന്ദ്രനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ‌‌ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസ് പക്ഷവും തന്ത്രപരമായ മൗനത്തിലാണ്.

ഏതായാലും ഇന്ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥനതല നേതൃയോ​ഗത്തിൽ സുരേന്ദ്രനെതിരെ കടുത്ത വിമർശനം ഉണ്ടാകും. എം ടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയും കുഴൽപ്പണക്കേസിലെ പുതിയ വഴിത്തിരിവും സന്ദീപ് വാര്യരുടെ ഇറങ്ങിപ്പോക്കുമെല്ലാം ചർച്ച ചെയ്യും. നേതാക്കൾ സുരേന്ദ്രന്റെ രാജിയടക്കം ആവശ്യപ്പെട്ടേക്കും. എന്നാൽ താൻ രാജി വയ്ക്കണമെങ്കിൽ കേന്ദ്രം തീരുമാനിക്കണമെന്ന സുരേന്ദ്രൻ ഇന്നലെ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ന് നഗരസഭാ കൗൺസിൽ യോഗവും ചേരുന്നുണ്ട്‌. ഇവിടെയും സംസ്ഥാന നേതൃത്വത്തിനും സ്ഥാനാർഥിക്കുമെതിരെ രൂക്ഷവിമർശനം ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top