തിരുവനന്തപുരം
പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കിയില്ലെന്ന് പറഞ്ഞ് സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) ത്തിനുള്ള വിഹിതം തടഞ്ഞ് കേന്ദ്രം. 420 കോടി രൂപയാണ് കുടിശ്ശിക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നും നാലും ഗഡു അനുവദിച്ചില്ല. ഈ വർഷം ഏപ്രിലിൽ ലഭിക്കേണ്ടിയിരുന്ന ആദ്യഗഡുവും നൽകിയില്ല. ഈ സാമ്പത്തിക വർഷം എസ്‌എസ്‌കെയ്‌ക്ക് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് 859.63 കോടിയാണ്.
കേരളത്തിലെ 336 സ്‌കൂളുകളെ പിഎംശ്രീ സ്‌കൂളുകളായി മാറ്റണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഒരു ബിആർസിയിൽ രണ്ട് സ്‌കൂൾ ഇത്തരത്തിൽ മാറ്റി പ്രധാനമന്ത്രിയുടെ പേര് സഹിതം ബ്രാൻഡിങ് നടത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ കോടികൾ ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തിയ സ്‌കൂളുകളെ പിഎംശ്രീ സ്‌കൂളുകളായി നാമകരണം ചെയ്‌തെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.
കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനഗഡുക്കൾക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടും ഫണ്ട് അനുവദിച്ചില്ല. അന്വേഷിച്ചപ്പോൾ പിഎംശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കാമെന്ന ഉറപ്പുനൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. തുടർന്ന് കേരളം ഉറപ്പുനൽകി കത്തുനൽകി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഫണ്ട് അനുവദിച്ചില്ല. പിഎംശ്രീ പദ്ധതി 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളതാണ്. കേരളം 2020 -ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയിട്ടില്ല. എങ്കിലും കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഒന്നും നഷ്ടപ്പെടാതിരിക്കാനാണ് പിഎംശ്രീയുടെ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കാമെന്ന് കേരളം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..