22 December Sunday

വിദ്യാലയങ്ങൾ തുറന്നു; പാഠം ഒന്ന്‌ കളിചിരി

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2024

മേപ്പാടി >  ചൂരൽമലക്കടുത്ത ചുളിക്കയിലെ ഗവ. എൽപി സ്‌കൂളിലെത്തിയ കൂട്ടുകാരോട്‌ അസംബ്ലി കഴിഞ്ഞയുടൻ കളിച്ചോളാൻ അധ്യാപകർ പറഞ്ഞു. കളിയെന്നുകേട്ടാൽ മതിമറക്കുന്നവരുടെ മുഖത്ത്‌ പതിവ്‌ സന്തോഷമില്ല. ചിലർ തോളത്ത്‌ കൈയിട്ട്‌ കളിക്കാനിറങ്ങിയെങ്കിലും മറ്റുള്ളവർ മടിച്ചുനിന്നു. ഇതോടെ അധ്യാപകർ ടിവിയിൽ കാർട്ടൂൺ കാണിച്ചു. ദിവസങ്ങളായി ദുരന്തവാർത്തകളും ദൃശ്യങ്ങളും മാത്രം കാണുന്ന കുട്ടികൾ കാർട്ടൂണിലേക്ക്‌ കണ്ണുനട്ടു. മനസ്സ്‌ തെളിഞ്ഞു. ചിരി വിരിഞ്ഞു. പതിയെ പുറത്തേക്കിറങ്ങി കുസൃതികളിലേക്ക്‌. വിദ്യാർഥികളെ മാനസികാഘാതത്തിൽനിന്ന്‌ കരകയറ്റാനുള്ള പ്രവർത്തനങ്ങളാണ്‌ ഈ ദിവസങ്ങളിലെന്ന്‌ പ്രധാനാധ്യാപിക പി പി റീന പറഞ്ഞു.

ജില്ലയിൽ ദുരന്തത്തിനുശേഷം തിങ്കളാഴ്‌ചയാണ്‌ സ്‌കൂളുകൾ തുറന്നത്‌. ക്യാമ്പുകൾ പ്രവർത്തിക്കാത്ത വിദ്യാലയങ്ങളിലാണ്‌ പഠനം പുനരാരംഭിച്ചത്‌. ആദ്യദിനം കൗൺസലിങ്ങും കളികളും മാത്രം.

പുത്തുമല ഗവ. എൽപി സ്കൂൾ തുറന്നെങ്കിലും വിദ്യാർഥികളുണ്ടായില്ല. എൺപതോളം കുട്ടികളിൽ പകുതിയോളവും മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പുകളിലാണ്‌. ഉരുൾപൊട്ടലിനെ തുടർന്ന്‌ പുത്തുമലയിലെ കുടുംബങ്ങളെയും മാറ്റിയതാണ്‌. ബാക്കിയുള്ളവർ എത്തിയില്ല. ചൊവ്വാഴ്ച മുതൽ വീടുകളിൽപോയി വിദ്യാർഥികളെ സ്‌കൂളിലെത്തിക്കുമെന്ന്‌ അധ്യാപകർ പറഞ്ഞു. തൊട്ടടുത്ത കള്ളാടി മീനാക്ഷി വിലാസം ഗവ. എൽപിയിൽ ആറ്‌ കുട്ടികൾ മാത്രമാണ്‌ വന്നത്‌. ഇവിടുത്തെ വിദ്യാർഥികളും ക്യാമ്പിലുണ്ട്‌. ദുരന്തബാധിത മേഖലയായ അട്ടമലയിലുള്ളവർ റിപ്പൺ ഗവ. ഹൈസ്‌കൂളിലെ ക്യാമ്പിലാണ്‌. മറ്റുള്ളവരെ തേടി അധ്യാപകർ വീടുകളിലേക്ക്‌ എത്തും.

മേപ്പാടിയിലെ വിദ്യാലയങ്ങൾ ക്യാമ്പുള്ളതിനാൽ പ്രവർത്തിച്ചില്ല. ജില്ലയിൽ ആകെ 36 സ്‌കൂളുകളിൽ ക്യാമ്പുണ്ട്‌. മറ്റു വിദ്യാലയങ്ങളിലും ക്ലാസ്‌ ആരംഭിച്ച്‌ വയനാട്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുകയാണ്‌.

കുട്ടികളുടെ വിദ്യാഭ്യാസം 
ഉടൻ പുനഃരാരംഭിക്കും

 വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് എത്രയുംവേഗം വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്ട്രീം എന്നോ സിബിഎസ്ഇ എന്നോ വ്യത്യാസമുണ്ടാകാതെ അടിയന്തര നടപടിയുണ്ടാകും. ഇതു സംബന്ധിച്ച് ചൊവ്വാഴ്‌ച വയനാട് കലക്ടറേറ്റിൽ  ഉന്നതതല യോഗംചേരും. ദുരന്തം വിദ്യാഭ്യാസമേഖലയെ ബാധിച്ചതു സംബന്ധിച്ച്‌ സമഗ്രറിപ്പോർട്ട് തയ്യാറാക്കും. വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം തുടങ്ങി. റിപ്പോർട്ട്‌ അടിസ്ഥാനമാക്കി കർമപരിപാടി തയ്യാറാക്കും. വിദ്യാഭ്യാസം സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തും. നഷ്ടപ്പെട്ട പാഠപുസ്‌തകങ്ങൾക്കു പകരം പുതിയ പുസ്‌തകം ലഭ്യമാക്കാൻ നടപടിയും തുടങ്ങി. ക്ലാസ്‌ ആരംഭിച്ചാൽ  ആദ്യം പ്രാധാന്യം നൽകുക കൗൺസലിങ്ങിനാകും. നിലവിൽ കൗൺസലിങ്ങിന്‌ സൗകര്യം ഉറപ്പാക്കി. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും.

സ്കൂളുകൾ എത്രയുംവേഗം 
പുനഃസ്ഥാപിക്കും

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന സ്കൂളുകൾ എത്രയുംവേഗം പുനഃസ്ഥാപിക്കുകയാണ്‌ അടിയന്തര ലക്ഷ്യം. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂളാക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമിക്കും. ദുരന്തത്തിൽ കാണാതാവുകയോ മരിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53ആണ്. 18പേർ മരിച്ചു. 35പേരെ കാണാനില്ല. ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപി എസ് മുണ്ടക്കൈ എന്നീ സ്‌കൂളുകൾക്കാണ് വലിയ നാശമുണ്ടായത്. സ്കൂൾ നിർമാണത്തിന്‌  സഹകരിക്കാൻ മുന്നോട്ടുവരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏതു സഹായവും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top