28 December Saturday

കലാപൂരത്തിന്‌ അരങ്ങുണരാൻ ഇനി ഏഴുനാൾ ; സ്കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


തിരുവനന്തപുരം
കൗമാര കലാലോകത്തെ നക്ഷത്രത്തിളക്കങ്ങൾക്കായി തലസ്ഥാന നഗരി ഉണരുന്നു. അറുപത്തിമൂന്നാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ അരങ്ങുണരാൻ ഇനി ഏഴുനാൾ. ജനുവരി നാലിന്‌ രാവിലെ പത്തിന്‌ മുഖ്യവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. എട്ടിന്‌ വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. നടൻ ടൊവിനോ തോമസ്‌ വിശിഷ്‌ടാതിഥിയാകും.

അഞ്ചു ദിവസമായി നടക്കുന്ന കലോത്സവത്തിൽ 249 ഇനങ്ങളിൽ പതിനയ്യായിരത്തിൽപ്പരം പ്രതിഭകൾ  മാറ്റുരയ്‌ക്കും. സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ഈ വർഷം മത്സരയിനമാകും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം,  ഇരുള നൃത്തം എന്നിവയാണ്‌ പുതുതായി വേദിയിലെത്തുക.

25 വേദികൾക്കും നദികളുടെ പേരാണ്‌. സെൻട്രൽ സ്റ്റേഡിയം, വിമൻസ് കോളേജ്, മണക്കാട് ഗവ. എച്ച്എസ്എസ് വേദികളിൽ നൃത്ത ഇനങ്ങളും ടാഗോർ തിയറ്ററിൽ നാടകവും കാർത്തിക തിരുനാൾ തിയറ്ററിൽ സംസ്‌കൃത നാടകവും ചവിട്ടു നാടകവും നടക്കും. ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ. ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത്‌. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ തിരുവനന്തപുരം എസ്‌എംവി സ്‌കൂളിൽ. സംഘാടക  സമിതി ഓഫീസ് ശിക്ഷക് സദനിൽ പ്രവർത്തനം ആരംഭിച്ചു.

കലോത്സവ സ്വർണക്കപ്പിന്റെ ഘോഷയാത്ര 31ന് കാസർകോട്‌ കാഞ്ഞങ്ങാടുനിന്ന് ആരംഭിക്കും. ജനുവരി മൂന്നിന്‌ തിരുവനന്തപുരത്തെത്തും. രാവിലെ 10ന്‌ ജില്ലാ അതിർത്തിയായ തട്ടത്ത്മലയിൽ സ്വീകരിച്ച്‌ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top