23 December Monday

സ്‌കൂൾ കലോത്സവം: ഒരു വിദ്യാർഥിക്ക്‌ 5 മത്സരം; നിബന്ധന ഈ വർഷം ബാധകമാക്കിയേക്കില്ല

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024

തിരുവനന്തപുരം > അറബിക്‌ സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും ഉൾപ്പെടെ സ്‌കൂൾ കലോത്സവത്തിൽ ഒരു വിദ്യാർഥിക്ക്‌ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത്‌ ഈ വർഷം നടപ്പിലാക്കിയേക്കില്ല. പരിഷ്‌കരിച്ച മാന്വൽ പ്രകാരം ഒരു മത്സരാർഥിക്ക്‌ വ്യക്തിഗത ഇനത്തിൽ പരമാവധി മൂന്ന്‌ എണ്ണത്തിലും ഗ്രൂപ്പ്‌ ഇനത്തിൽ രണ്ട്‌ എണ്ണത്തിലും മാത്രമേ മത്സരിക്കാനാകൂ. മുൻ വർഷങ്ങളിൽ അറബിക്‌ സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും  മത്സരിക്കുന്ന വിദ്യാർഥികൾക്ക്‌ പൊതു വിഭാഗത്തിൽ അഞ്ച്‌ ഇനങ്ങളിൽ കൂടി മത്സരിക്കാമായിരുന്നു. പരിഷ്‌കരിച്ച പുതിയ മാന്വൽ പ്രസിദ്ധീകരിച്ചെങ്കിലും ഇതിനോടകം പലയിടത്തും പഴയ മാന്വൽ പ്രകാരം ഉപജില്ലാ മത്സരങ്ങൾ നടന്നു. ഈ സാഹചര്യത്തിലാണ്‌ തീരുമാനം പരിശോധിക്കുന്നത്‌.

പുതിയ മാന്വലിൽ അഞ്ച്‌ ഗോത്രകലകൾ മത്സര ഇനമായി ഉൾപ്പെടുത്തിയിരുന്നു. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ്‌ ഉൾപ്പെടുത്തിയത്‌. ഇവ ഈ വർഷത്തെ കലോത്സവത്തിന്റെ ഭാഗമാകും. സ്‌കൂൾ കലോത്സവങ്ങളിൽ ലഭിക്കുന്ന അപ്പീലുകളിൽ നിരസിക്കുന്നവയ്ക്ക്‌, അതിനുള്ള കാരണംകൂടി വ്യക്തമാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിർദേശം നൽകിയിട്ടുണ്ട്‌. അപ്പീൽ വിശദമായി പരിശോധിച്ച് ഉന്നയിച്ച വാദഗതികൾ, സ്കോർഷീറ്റുകൾ, സ്റ്റേജ് മാനേജരുടെ റിപ്പോർട്ട്, വീഡിയോ റെക്കോഡിങ്‌ എന്നിവയുടെ അടിസ്ഥാനത്തിലും ആവശ്യമെങ്കിൽ കുട്ടിയെക്കൂടി നേരിൽ കേട്ടും കാര്യകാരണ സഹിതം വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് വേണം നൽകാൻ.
രാത്രി എട്ടിന്‌ ശേഷം വരുന്ന മത്സരഫലങ്ങളിൽ പിറ്റേ ദിവസം രാവിലെ 10 വരെ അപ്പീൽ സമർപ്പിക്കാം.

സ്കൂൾതല മത്സരങ്ങൾ 15 നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10 നകവും ജില്ലാ മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കണം. രജിസ്ട്രേഷൻ സമയത്ത് വെബ്‌സൈറ്റിൽ കുട്ടികളുടെ ഫോട്ടോ നിർബന്ധമായും ഉൾപ്പെടുത്തണം. ജില്ലാതല മത്സരങ്ങളിലെ വിധികർത്താക്കളുടെ പാനൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ മുൻകൂറായി നൽകി അനുമതി വാങ്ങണം. മത്സരങ്ങൾ തുടങ്ങുന്നതിന് ഒരാഴ്‌ച മുമ്പ്‌ അനുമതി വാങ്ങിയിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top