22 December Sunday

കേരള സ്കൂൾ ഒളിമ്പിക്സ് ; ജേതാക്കൾക്ക്‌ 3 കിലോയുടെ
സ്വർണക്കപ്പ്‌: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


കൊച്ചി
രാജ്യത്ത് ആദ്യമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്സിൽ ഒന്നാംസ്ഥാനക്കാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നവംബർ നാലുമുതൽ 11 വരെ എറണാകുളത്ത് നടത്തുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കായികോത്സവവും ഉദ്‌ഘാടന, സമാപന ചടങ്ങുകളും ഒളിമ്പിക്‌സ്‌ മാതൃകയിലായിരിക്കും. കലൂർ നെഹ്റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. സമാപനസമ്മേളനവും ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്നതാകും. മേളയുടെ ഭാഗമായി സാംസ്കാരികപരിപാടികൾ, കലാസന്ധ്യകൾ, സ്പോർട്സ് സെമിനാറുകൾ, സ്പോർട്സ് സ്റ്റാളുകൾ, കായികോൽപ്പന്നങ്ങളുടെ വിതരണം, പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കൊച്ചിയിലെ സാംസ്കാരികനിലയങ്ങൾ, പൈതൃകങ്ങൾ, മെട്രോ, ജലമെട്രോ, ഫോർട്ട് കൊച്ചിയിൽ സായാഹ്നസഞ്ചാരം, സ്ട്രീറ്റ് ഫുഡ് തുടങ്ങിയവ മേളയ്‌ക്ക്‌ ഉത്സവച്ഛായ പകരുമെന്നും മന്ത്രി പറഞ്ഞു.

21 വേദികൾ, 24,000 കായികപ്രതിഭകൾ
കൊച്ചിയിലെ 21 വേദികളിലായി നടത്തുന്ന സ്‌കൂൾ ഒളിമ്പിക്‌സിൽ 24,000 കായികപ്രതിഭകൾ പങ്കെടുക്കും. എട്ടു പകലും രാത്രിയുമായി നടക്കുന്ന ഒളിമ്പിക്സിൽ പതിനായിരത്തോളം മത്സരങ്ങളുണ്ടാകും. വിജയികൾക്ക് ഒളിമ്പിക്സ് മാതൃകയിൽ മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.
സ്കൂൾ ഒളിമ്പിക്സിനായി ആപ്തവാക്യം, തീം സോങ്‌, പ്രൊമോ വീഡിയോ, ബ്രാൻഡ് അംബാസഡർമാർ, ഗുഡ്‌വിൽ അംബാസഡർ എന്നിവയുണ്ടാകും. സ്ഥിരമായ ലോഗോയും തയ്യാറാക്കും. രണ്ടായിരംവീതം ഒഫീഷ്യലുകൾ, വളന്റിയർമാർ, 500 സെലക്ടർമാർ എന്നിവരുണ്ടാകും.

വർണശബളമായ വിളംബരഘോഷയാത്ര, കായികപ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്റ്റ്,  രാജ്യാന്തര കായികതാരങ്ങളും കായികപ്രതിഭകളും സംഗമിക്കുന്ന ദീപശിഖാപ്രയാണം തുടങ്ങി കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഒരുലക്ഷംപേർ പങ്കെടുക്കുന്ന പ്രൗഢഗംഭീര ചടങ്ങാകും ഉദ്ഘാടനസമ്മേളനം.
സംസ്ഥാന സ്കൂൾ കായികോത്സവം നാലുവർഷം കൂടുമ്പോൾ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്നതിന്റെ ഭാഗമായുള്ള പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സാണ്‌ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്‌. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്‌ കായികോത്സവത്തിന്റെ ഭാഗമായി രാജ്യത്ത്‌ ആദ്യമായി ഇൻക്ലൂസീവ് സ്പോർട്സും ഈവർഷം ആരംഭിക്കും. 

എറണാകുളം കടവന്ത്ര റീജണൽ സ്‌പോർട്‌സ്‌ സെന്ററിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം, ഒളിമ്പിക്‌സ്‌ മാതൃകയിൽ ദീപശിഖ കൊളുത്തിയാണ്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തത്‌. മേയർ എം അനിൽകുമാർ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top