22 December Sunday

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം 15–-18 ശാസ്‌ത്രപ്രതിഭകളെ വരവേൽക്കാൻ ആലപ്പുഴ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


ആലപ്പുഴ
കുട്ടി ശാസ്‌ത്രജ്ഞരുടെ കഴിവുകളുടെ വേദിയാകുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ ആലപ്പുഴയിൽ തിരിതെളിയാൻ  രണ്ട്‌ ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. 15 മുതൽ 18 വരെ നടക്കുന്ന ശാസ്‌ത്രോത്സവത്തിനെത്തുന്ന നാളെയുടെ ശാസ്‌ത്ര പ്രതിഭകളെ വരവേൽക്കാൻ ആലപ്പുഴ ജില്ല ഒരുങ്ങി. അഞ്ച്‌ സ്‌കൂളുകളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിൽ അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

15ന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ശാസ്‌ത്രോത്സവം ഉദ്ഘാടനംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും വിശിഷ്‌ടാതിഥികളാകും.

സെന്റ് ജോസഫ്സ്‌, ലിയോ തേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി, എസ്ഡിവി ബോയ്സ്, ഗേൾസ് എന്നിവിടങ്ങളാണ്‌ വേദികൾ. 14ന് രാവിലെ ഒമ്പതിന് ഇട്ടി അച്യുതൻ വൈദ്യരുടെ കടക്കരപ്പള്ളിയിലെ സ്‌മൃതികുടീരത്തിൽനിന്ന്‌ ആരംഭിക്കുന്ന പതാകജാഥയും ഹരിതവിപ്ലവ നായകനായിരുന്ന ഡോ. എം എസ് സ്വാമിനാഥന്റെ തറവാട്ടിൽനിന്ന്‌ ആരംഭിക്കുന്ന ദീപശിഖാറാലിയും ആലപ്പുഴ മുനിസിപ്പൽ ശതാബ്‌ദിമന്ദിരത്തിൽ സംഗമിക്കും. പകൽ മൂന്നിന് സംഘാടകസമിതി ചെയർമാനായ മന്ത്രി സജി ചെറിയാൻ വിളംബരഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂൾ അങ്കണത്തിൽ മന്ത്രി വി ശിവൻകുട്ടി മേളയ്‌ക്ക്‌ തിരിതെളിക്കും. 15ന്‌ രാവിലെ ഒമ്പതിന്‌ പ്രധാനവേദിയായ സെന്റ്‌ ജോസഫ്‌സ് സ്‌കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു പതാക ഉയർത്തും. 18ന്‌ വൈകിട്ട് നാലിന്‌ മന്ത്രി കെ എൻ ബാലഗോപാൽ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top