ആലപ്പുഴ
ശാസ്‌ത്രചിന്തയുടെ ദിനരാത്രങ്ങൾക്ക് വഴിതെളിച്ച് ആലപ്പുഴയുടെ മണ്ണിൽ അറിവിന്റെ മേളയ്‌ക്ക് പ്രൗഢഗംഭീര തുടക്കം. പ്രധാനവേദിയായ ആലപ്പുഴ സെന്റ് ജോസഫ് എച്ച്‌എസ്‌എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. സംഘാടകസമിതി പുറത്തിറക്കുന്ന സുവനീറിന്റെ കവർപേജ് മന്ത്രി പി പ്രസാദ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകി പ്രകാശിപ്പിച്ചു.
അഞ്ച് വേദികളിലായി 180 ഇനങ്ങളിൽ അയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്‌ക്കുന്നത്. എല്ലാദിവസവും വൈകിട്ട് കലാപരിപാടികളുണ്ടാകും. ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, ഇന്ത്യൻ മിസൈൽ വനിത ഡോ. ടെസി തോമസ്, ഗഗൻയാൻ പ്രോജക്‌ട് ഡയറക്‌ടർ ഡോ. എം മോഹനൻ, ടെക്‌ജെൻഷ്യ സിഇഒ ജോയി സെബാസ്‌റ്റ്യൻ അടക്കമുള്ള പ്രമുഖർ കുട്ടികളോട് സംവദിക്കും. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വിഎച്ച്എസ്ഇ എക്‌സ്‌പോയും കരിയർ സെമിനാറും കരിയർ എക്‌സിബിഷനും നടക്കും. ആദ്യദിനം ശാസ്‌ത്രം, ഗണിതം, സാമൂഹ്യശാസ്‌ത്രം, ഐടി ഹൈസ്‌കൂൾ വിഭാഗം ക്വിസ് മത്സരങ്ങളാണ് നടന്നത്. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു പ്രധാനവേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ പതാക ഉയർത്തി. 18നാണ് സമാപനം.
കഥയിലെ കാര്യവും കണക്കിലെ കളിയുമായി ഗണിതശാസ്ത്ര ക്വിസ്
‘‘നൂറുമീറ്റർ ഓട്ടമത്സരത്തിൽ മുയൽ ഫിനിഷിങ് പോയിന്റിലെത്തിയപ്പോൾ ആമ ൭൫ മീറ്റർ പിന്നിലാണ്. തിരിച്ച് സ്റ്റാർട്ടിങ് പോയിന്റിലേക്ക് ഓടിയ മുയലും ഫിനിഷിങ് പോയിന്റിലേക്ക് നീങ്ങുന്ന ആമയും ഫിനിഷിങ് പോയിന്റിൽനിന്ന് എത്ര അകലെവച്ചാകും കണ്ടുമുട്ടുക ’’ ഗണിതശാസ്‌ത്ര ക്വിസിലായിരുന്നു കൗതുകം പകർന്ന ചോദ്യം.
യുക്തിയും കണക്കുകളും ഒരേപോലെ തെളിഞ്ഞും ഒളിഞ്ഞും നിന്ന മത്സരത്തിന്റെ ആദ്യാവസാനം കടുത്ത പോരാട്ടമാണ് ൨൮ മത്സരാർഥികളും കാഴ്‌ചവച്ചത്. ഒരു മിനിറ്റ് ഓരോ ഉത്തരത്തിനുമായി നിശ്ചയിച്ചെങ്കിലും ചോദ്യത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഭേദഗതിയും വന്നു. സംഖ്യകൾ മാത്രം നിറഞ്ഞതായിരുന്നില്ല ഇക്കൊല്ലത്തെ മത്സരം. ഇന്ത്യ ഉപഭൂഖണ്ഡത്തെ ശാസ്ത്രീയമായി അളന്നെടുക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സർവേ ഏതെന്നത് ഉൾപ്പടെയുള്ള ചരിത്രാന്വേഷണ ചോദ്യങ്ങളും മത്സരത്തിന്റെ വൈവിധ്യത്തിന് സഹായകരമായി. ആരും ഉത്തരം പറയാതെ പോയ പതിനെട്ടാമത്തെ ചോദ്യവും രണ്ടുപേർ ഒഴികെ എല്ലാവരും ശരിയുത്തരം രേഖപ്പെടുത്തിയ ഒൻപത്, പത്തൊൻപത് ചോദ്യങ്ങളും കൗതുകമായി.
തലപുകഞ്ഞാലോചിക്കേണ്ട പല ചോദ്യങ്ങളും ലളിതമായ രീതിയിൽ തമാശയുടെയും കഥയുടെയും രൂപത്തിൽ ക്വിസ് മാസ്റ്റർ പി എ ജോൺ അവതരിപ്പിച്ചു. രണ്ടാം സ്ഥാനത്ത് ഒരേസ്കോർ നേടി മൂന്നുപേരെത്തിയത് മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു. എറണാകുളം മട്ടാഞ്ചേരി ടിഡിഎച്ച്എസ് പത്താം ക്ലാസ് വിദ്യാർഥി കാർത്തിക് അനിൽ ഷേണായി ഒന്നാം സ്ഥാനവും മലപ്പുറം എച്ച്എംവൈഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ഷാഹിൻ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി.
സർവം ശാസ്‌ത്രം സാമൂഹ്യശാസ്‌ത്ര ക്വിസ്
തുറമുഖനഗരമായി ആലപ്പുഴയെ വികസിപ്പിച്ചത് ആരാണ്?. ഉത്തരമെഴുതാനുള്ള ഒരുമിനിറ്റിന് ശേഷം ക്വിസ് മാസ്‌റ്റർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ സാമ്പത്തിക ശാസ്‌ത്രം അധ്യാപകൻ ഡോ. ബിജി എബ്രഹാം ചോദിച്ചു –- ആര് ഉത്തരം പറയും. പൊടുന്നനെ വന്നു ഉത്തരം രാജാ കേശവദാസ്. ചരിത്രവും നവോത്ഥാനവും ഭൂമിശാസ്‌ത്രവും രാഷ്‌ട്രീയവുമെല്ലാം നിറഞ്ഞുനിന്നതായിരുന്നു എച്ച്‌എസ് വിഭാഗം സാമൂഹ്യശാസ്‌ത്ര ക്വിസ്‌മത്സരം. 20 ചോദ്യങ്ങളിൽ 18 ശരിയുത്തരങ്ങൾ നൽകി കോട്ടയം കോതനല്ലൂര്‍ എച്ച്എസ്എസിലെ ഒമ്പതാംക്ലാസുകാരൻ പി കാര്‍ത്തിക് വിജയിയായി. 17 പോയിന്റുമായി തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ പി എസ് അനന്യ രണ്ടാംസ്ഥാനവും നേടി. 16 പോയിന്റുമായി അഞ്ചുപേർ മത്സരം പൂർത്തിയാക്കിയതോടെ ടൈബ്രേക്കറിലാണ് മൂന്നാംസ്ഥാനം നിർണയിച്ചത്. തിരുവനന്തപുരം ഇളമ്പ ഗവ. എച്ച്എസ്എസിലെ നിള റിജുവാണ് മൂന്നാമത്. ഡയറക്‌ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ ചീഫ് പ്ലാനിങ് ഓഫീസർ ദീപ മാർട്ടിൻ ഉദ്‌ഘാടനംചെയ്‌തു.
തുടക്കത്തിൽ തലപ്പത്ത് തലസ്ഥാനം
ആദ്യദിനം എച്ച്‌എസ് വിഭാഗത്തിലെ ക്വിസ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 36 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതെത്തി. സോഷ്യൽ സയൻസ്, ഐടി ക്വിസുകളിൽ രണ്ടാംസ്ഥാനം നേടിയാണ് കുതിപ്പ്. ഏഴ് എ ഗ്രേഡുകളും നേടി. 35 പോയിന്റോടെ പാലക്കാടും കോട്ടയവും രണ്ടാംസ്ഥാനത്തുണ്ട്.
33 പോയിന്റോടെ എറണാകുളം മൂന്നാമതാണ്. ശാസ്‍ത്രോത്സവത്തിന്റെ ആദ്യദിനം 13 പോയിന്റ് നേടി തിരുവനന്തപുരം മടവൂർ എൻഎസ്‌എസ്‌എച്ച്എസാണ് മുന്നില്‍.
നേരത്തെ നടന്ന ശാസ്‌ത്ര നാടകത്തിന്റെ പോയിന്റും കൂടി റിസൾട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈസ്‍കൂള്‍ വിഭാഗം
ക്വിസിൽ മിഥുൻ കൃഷ്‌ണ
കഴിഞ്ഞതവണ ശാസ്‌ത്രമേളയിൽ ആറാം സ്ഥാനക്കാരനായിരുന്ന മിഥുൻ കൃഷ്‌ണ ഇക്കുറി എച്ച്എസ് വിഭാഗം ശാസ്‌ത്രക്വിസിൽ ഒന്നാമനായി. യുട്യൂബും അധ്യാപകർ നൽകിയ പിഡിഎഫ് ഫയലുകളും ശാസ്‌ത്രലേഖനങ്ങളുമാണ് ഒന്നാമതെത്താൻ മിഥുന് തുണയായത്. പാലക്കാട് കല്ലടത്തൂർ ഗോഖലെ ഗവ. എച്ച്എസ്എസിൽ പത്താംക്ലാസ് വിദ്യാർഥിയായ മിഥുൻ സാമ്പത്തികപ്രയാസങ്ങളെ അതിജീവിച്ചാണ് നേട്ടം കൈവരിച്ചത്.
പാലക്കാട് കല്ലടത്തൂർ വിളക്കണ്ടത്തിൽ കൂലിപ്പണിക്കാരനായ വി കെ സുധന്റെയും സ്‌കൂളിലെ ആയ പുഷ്‌പലതയുടെയും മകനാണ്. സോഫ്റ്റ്‌വെയർ എൻജിനിയർ ആകാനാണ് ആഗ്രഹം. എറണാകുളം കളമശേരി രാജഗിരി എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥി ജെസ്‌റ്റിൻ ജേക്കബിനാണ് രണ്ടാംസ്ഥാനം.
തൃക്കാക്കര മൂലേപേരൂർ മറൈൻ എൻജിനിയർ ജേക്കബ് വർഗീസിന്റെയും കളമശേരി ഗവ. സ്‌കൂൾ അധ്യാപിക ഡയന മാർക്കോസിൻറെയും മകനാണ്. മൂന്നാം സ്ഥാനം പത്തനംതിട്ട തോട്ടക്കോണം ഗവ. എച്ച്‌എസ്‌എസിലെ ഷിഹാദ് ഷിജുവും കോഴിക്കോട് മേപ്പയ്യൂർ ജിവിഎച്ച്‌എസ്‌എസിലെ എസ് നിഹാരികയും പങ്കിട്ടു.
ഇൻഫൊടെയിൻമെന്റ് മാതൃകയിൽ അഞ്ച് റൗണ്ടാണ് ഉണ്ടായിരുന്നത്. ട്രിബ്യൂട്ട്, എൻക്വയറി, ഇൻഫർ, കണക്‌ട്, കൺക്ലൂഡ് എന്നിവ. 25 ചോദ്യങ്ങളിൽ ആറെണ്ണത്തിന് ആരും ഉത്തരം പറഞ്ഞില്ല. 28 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ എസ്‌സിഇആർടി റിസർച്ച് ഓഫീസർ ഡോ. ടി വി വിനീഷായിരുന്നു ക്വിസ് മാസ്‌റ്റർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..