17 November Sunday

ശാസ്‌ത്രസംവാദങ്ങളുടെ 
രണ്ടാംദിനം ; മലപ്പുറം മുന്നിൽ , പുത്തനറിവുകൾ പകർന്ന്‌ കരിയർ എക്‌സ്‌പോ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കാഴ്ചപരിമിതിയുള്ള കുട്ടികളുടെ വിഭാഗത്തിൽ പാഴ്‌വസ്തുക്കൾകൊണ്ട് ഉപകരണങ്ങൾ നിർമിക്കുന്ന മത്സരത്തിൽ ചൂൽ നിർമിക്കുന്ന കോഴിക്കോട്‌ റഹ്‌മാനിയ സ്കൂൾ ഫോർ ഹാൻഡിക്കാപ്‌ഡ്‌ സ്കൂൾ വിദ്യാർഥി അജയ്‌ ബാലു


ആലപ്പുഴ
അറിവിന്റെ അക്ഷയഖനികളായി ശാസ്‌ത്രസംവാദങ്ങൾ, ദുരന്തനിവാരണവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം വിഷയങ്ങളായ വർക്കിങ്‌ മോഡലുകൾ, പരിമിതികളുടെ അതിർവരമ്പുകൾ തകർത്ത്‌ കാഴ്‌ചക്കാരുടെ ഹൃദയംകീഴടക്കിയ സ്‌പെഷ്യൽ സ്‌കൂൾ മേള–-  സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാംദിനം വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു. അഞ്ചുവേദികളിലും രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിച്ചു. ഐഎസ്‌ആർഒ ചെയർമാൻ ഡോ. എം സോമനാഥ്‌, ഇന്ത്യയുടെ മിസൈൽ വനിത ടെസി തോമസ്‌ എന്നിവർ നയിച്ച ശാസ്‌ത്രസംവാദങ്ങളായിരുന്നു രണ്ടാംദിനത്തിന്റെ പ്രധാന ആകർഷണം.  വിവിധ വിഭാഗങ്ങളിൽ വർക്കിങ്‌ മോഡൽ, സ്റ്റിൽ മോഡൽ, സിംഗിൾ പ്രൊജക്‌ട്‌, തത്സമയ നിർമാണ മത്സരങ്ങൾ, ടീച്ചിങ്‌ എയ്‌ഡ്‌ മത്സരങ്ങൾ, അറ്റ്‌ലസ്‌ നിർമാണം, പ്രസംഗം, പ്രാദേശിക ചരിത്രരചന, ഡിജിറ്റൽ പെയിന്റിങ്‌, ആനിമേഷൻ തുടങ്ങിയ മത്സരങ്ങളും വൊക്കേഷണൽ എക്‌സ്‌പോ, കരിയർ എക്‌സിബിഷൻ തുടങ്ങിയ പരിപാടികളും നടന്നു. കരിയര്‍ സെമിനാറും കരിയര്‍ എക്‌സിബിഷനും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. കേരളീയ നവോത്ഥാനവും സാമൂഹ്യ മുന്നേറ്റവും എന്ന വിഷയത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്‌ മുൻ ഡയറക്‌ടർ ഡോ. കാർത്തികേയൻ നായർ കുട്ടികളുമായി സംവദിച്ചു. വേഗമേറിയ ചിത്രകാരൻ ഡോ. ജിതേഷ്‌ജിയുടെ ശാസ്‌ത്രദർശൻ വരയരങ്ങും നടന്നു. പള്ളിക്കൂടം ടിവി മ്യൂസിക്‌ ബാൻഡിന്റെ ഗാനമേളയും കേരള കലാമണ്ഡലം അവതരിപ്പിച്ച ‘രംഗ്‌മാല’യും രണ്ടാംദിനത്തിന്റെ മോടികൂട്ടി.

രണ്ടാംദിനം മലപ്പുറം മുന്നിൽ
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാംദിനം 339 പോയിന്റുമായി മലപ്പുറം മുന്നിൽ. 317 പോയിന്റുമായി തൃശൂർ പിന്നാലെയുണ്ട്‌. 316 പോയിന്റുമായി കണ്ണൂർ മൂന്നും 314 പോയിന്റുമായി പാലക്കാട്​ നാലും സ്ഥാനത്തുണ്ട്‌. കോഴിക്കോട്​ (307)​, കോട്ടയം (300), എറണാകുളം (299), കാസർകോഡ്​ (295), കൊല്ലം (288), വയനാട്​ (286), ​തിരുവനന്തപുരം (277), പത്തനംതിട്ട (277), ആലപ്പുഴ (275), ഇടുക്കി (280) എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളുടെ പോയിന്റു​നില.  

സ്​കൂളുകളിൽ 60 പോയിന്റോടെ വയനാട്​ മാനന്തവാടി ജിവിഎച്ച്​എസ്​എസാണ് മുന്നിൽ​. ആലപ്പുഴ പൂങ്കാവ്​ എംഐഎച്ച്​എസ്​ (53) രണ്ടാംസ്ഥാനത്തും വയനാട്​ ബത്തേരി അസംപ്​ഷൻ എച്ച്​എസ്​ (44) മൂന്നുംസ്ഥാനത്തുണ്ട്​. കോഴിക്കോട്‌ മേമുണ്ട എച്ച്‌എസ്‌എസ്‌ (39), എറണാകുളം മട്ടാഞ്ചേരി ടിഡിഎച്ച്​എസ്​എസ് (36)​, ഇടുക്കി ഇരട്ടയാർ എസ്​ടിഎച്ച്​എസ്​ (30) എന്നിങ്ങനെയാണ്​ സ്‌കൂളുകളുടെ പോയിന്റ്‌​.

പുത്തനറിവുകൾ പകർന്ന്‌ കരിയർ എക്‌സ്‌പോ
സംസ്ഥാന സ്കൂൾ ശാസ്‌ത്രമേളയിൽ പ്രധാന ആകർഷകമായി കരിയർ എക്‌സ്‌പോ. ആദ്യമായാണ്‌ മേളയ്‌ക്കൊപ്പം കരിയർ എക്സ്പോയും സെമിനാറും സംഘടിപ്പിക്കുന്നത്‌. ലിയോ തേർട്ടീന്ത്‌ എച്ച്‌എസ്‌എസിൽ നടക്കുന്ന എക്‌സ്‌പോയിൽ കുസാറ്റ്, അസാപ്, ടെക്നോപാർക്ക്, ഒഡെപെക്, സിമെറ്റ്, നോർക്ക-റൂട്ട്സ്, കേരള സർവകലാശാല, എംജി സർവകലാശാല, കേരള നോളജ് ഇക്കോണമി മിഷൻ, കെ ഡിസ്‌ക്, സ്‌കോൾ കേരള തുടങ്ങി 15 സർക്കാർ സ്ഥാപനങ്ങളാണ് രണ്ടുദിവസത്തെ കരിയർ എക്സ്പോയിൽ പങ്കെടുക്കുന്നത്. കരിയർ വിദഗ്ധൻ രതീഷ്‌കുമാറിന്റെ സേവനം ഞായറാഴ്‌ചയും സ്റ്റാളിൽ ഉണ്ടാകും. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച്‌  ഉപരിപഠന മേഖല തെരഞ്ഞെടുക്കാൻ സഹായകരമായ കരിയർ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റുകൾക്കുള്ള സൗകര്യം സ്റ്റാളുകളിലുണ്ട്‌. ഉപരിപഠനവുമായി ബന്ധപ്പെട്ട കോഴ്സുകൾ, വിവിധ സർവകലാശാലകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേയും ഒരുക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top