19 December Thursday
സയൻസിൽ തിളങ്ങി കിഴക്കിന്റെ വെനീസ്‌ ; സംഘാടന മികവിന്‌ 
കൈയടി

ശാസ്‌ത്രോത്സവത്തിലും മലപ്പുറം മാജിക്‌ ; കാഞ്ഞങ്ങാട്‌ ദുർഗ 
എച്ച്‌എസ്‌എസ്‌ 
ഓവറോൾ ചാമ്പ്യൻമാർ

സ്വന്തം ലേഖകൻUpdated: Tuesday Nov 19, 2024

സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീം മന്ത്രി സജി ചെറിയാനിൽനിന്ന് 
മിനിസ്റ്റേഴ്സ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ



ആലപ്പുഴ
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഓവറോൾ ചമ്പ്യൻഷിപ്‌ സ്വന്തമാക്കി മലപ്പുറം. സംസ്ഥാന സ്‌കൂൾ കായികമേളയിലെ അതല്‌റ്റിക്‌സ്‌ കിരീടത്തിന്‌ പിന്നാലെയാണ്‌ ഈ നേട്ടവും. 1450 പോയിന്റോടെയാണ്‌ മലപ്പുറം പ്രഥമ എഡ്യൂക്കേഷൻ മിനിസ്‌റ്റേഴ്‌സ്‌ ട്രോഫി നേടിയത്‌. മന്ത്രി സജി ചെറിയാൻ ട്രോഫി നൽകി. സ്‌കൂളുകളിൽ 140 പോയിന്റോടെ കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസ്‌എസ്‌ ഓവറോൾ ചാമ്പ്യൻമാരായി. സാമൂഹ്യശാസ്‌ത്രമേളയിൽ 144 പോയിന്റും ഗണിതശാസ്‌ത്രമേളയിൽ 278 പോയിന്റും പ്രവൃത്തി പരിചയമേളയിൽ 793 പോയിന്റുമായി മലപ്പുറം തന്നെയാണ്‌ മുന്നിൽ. ശാസ്‌ത്രമേളയിൽ 121 പോയിന്റോടെ കണ്ണൂർ ഒന്നാമതായി. ഐടി മേളയിൽ 140 പോയിന്റുമായി തൃശൂർ തിളങ്ങി. 

സമാപന സമ്മേളനത്തിൽ മന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച്‌ സലാം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ കെ കെ ജയമ്മ, കലക്‌ടർ അലക്‌സ്‌ വർഗീസ്‌ എന്നിവർ വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണംചെയ്‌തു. സുവനീർ കലക്‌ടർ പ്രകാശിപ്പിച്ചു.

സയൻസിൽ തിളങ്ങി കിഴക്കിന്റെ വെനീസ്‌
വെനീസിനെ വിസ്‌മയിപ്പിച്ച ശാസ്‌ത്ര കൗതുകങ്ങളുടെ ചെപ്പ്‌ തുറന്ന മേളയ്‌ക്ക്‌ കൊടിയിറങ്ങി. ശാസ്‌ത്രസമസ്യകൾ ഒന്നൊന്നായി കൺമുന്നിൽ വിടർന്നപ്പോൾ ആലപ്പുഴയുടെ മനസാകെ വിളങ്ങി. പുതിയ ആശയങ്ങൾ, കൗതുകവസ്‌തുക്കൾ, ശാസ്‌ത്ര ഗവേഷണ സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക റേഷൻകട വരെ കുട്ടിശാസ്‌ത്രജ്ഞരുടെ ചിന്തകളിൽ ശാസ്‌ത്രരൂപമാർജിച്ചു.

180 ഇനങ്ങളിലായി 5000 ശാസ്‌ത്രപ്രതിഭകളാണ്‌ മാറ്റുരച്ചത്‌. ശാസ്‌ത്രപ്രതിഭകൾ സംവദിച്ച ശാസ്‌ത്രസംവാദങ്ങൾ കുട്ടികൾക്ക്‌ മുന്നിൽ തുറന്നുനൽകിയത്‌ അറിവിന്റെ പുതിയ വാതായനങ്ങളാണ്‌. അമ്പലപ്പുഴ പാൽപ്പായസത്തിൽ തുടങ്ങി മീനും ചിക്കനും ഭക്ഷണപ്പുരയുടെ ഭാഗമായതും ചരിത്രത്തിലാദ്യം. പ്രധാനവേദിയായ ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിൽ സമാപന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. 150 കുട്ടികൾ അണിനിരന്ന ദേശഭക്തി ഗാനത്തോടെയാണ്‌ സമാപന സമ്മേളനം ആരംഭിച്ചത്‌. മന്ത്രി സജി ചെറിയാൻ സമാപനസമ്മേളനം ഉദ്‌ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ്‌  അധ്യക്ഷനായി.  ശാസ്‌ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറല്‍ കണ്‍വീനർ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ സി എ സന്തോഷ് നടത്തി.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ ശ്രീകുമാർ വേദിയിൽവരച്ച സജി ചെറിയാന്റെ ചിത്രം അദ്ദേഹത്തിന്‌ സമ്മാനിച്ചു. ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്‌സ് എവറോളിങ് ട്രോഫി മന്ത്രി സജി ചെറിയാനിൽനിന്ന്‌ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്‌ ഏറ്റുവാങ്ങി. ആലപ്പുഴ പൗരസമിതിക്ക് വേണ്ടി ചിത്രകാരന്‍ സാജന്‍ ലയം കളര്‍പെന്‍സില്‍ ഉപയോഗിച്ച് വരച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം സ്‌നേഹസമ്മാനമായി ചടങ്ങില്‍ കൈമാറി.

സംഘാടന മികവിന്‌ 
കൈയടി
സംഘാടന മികവിൽ വൻവിജയമായി നാലുദിവസത്തെ സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവം. വ്യാഴാഴ്ച വർണാഭമായ വിളംബര ഘോഷയാത്രയോടെ തുടങ്ങിയ  മേളയുടെ സമാപനദിവസമായ തിങ്കളാഴ്ച വരെ മത്സരാർഥികൾക്കും ഒപ്പമുള്ളവർക്കും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. മത്സരങ്ങൾ കൃത്യസമയത്ത് തുടങ്ങാനായി. ഫലം അന്നേ ദിവസം തന്നെ കൈറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കി. കുട്ടികൾക്ക് അറിവുപകരാനായി വിദഗ്ധർ പങ്കെടുത്ത ശാസ്ത്ര സെമിനാറുകളും സംവാദങ്ങളും നടന്നു. മേളയുടെ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾക്കായി നടത്തിയ കരിയർ എക്സ്പോ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാ ദിവസവും വിവിധ കലാപരിപാടികളും വേദികളിൽ അരങ്ങേറി.

നാലുവേദികളിലും ക്രമീകരിച്ച ഭക്ഷണവിതരണം സുഗമമായി നടന്നു. ചിക്കനും മീനുമുൾപ്പെടെയുള്ള വിഭവങ്ങളും നൽകാനായി. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനും എല്ലാ വിതരണകേന്ദ്രങ്ങളിലും പ്രത്യേകയിടം ഒരുക്കി. മറ്റു ജില്ലകളിൽ നിന്നെത്തിയവർക്ക് 24 സ്കൂളുകളിലായാണ് താമസസൗകര്യം ഒരുക്കിയത്. പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷയും ഉറപ്പാക്കി. വേദികളിലേക്കുള്ള യാത്രാ സൗകര്യത്തിന് സ്കൂൾ ബസുകളും ഏർപ്പാടാക്കിയിരുന്നു.

എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് എന്നിവരും മറ്റു വിദ്യാർഥി വളന്റിയർമാരും വേദികളിൽ സൗകര്യങ്ങൾ ഉറപ്പാക്കി. അധ്യാപക സംഘടനകളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആംബുലൻസ്, ഹെൽത്ത് സ്‌ക്വാഡ്, മെഡിക്കൽ സംഘം എന്നിവയുടെ സേവനങ്ങളും വേദികളിൽ ഉറപ്പാക്കി.
 

കാസർകോട്‌ കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസ്‌എസിന്‌ മന്ത്രി സജി ചെറിയാൻ ട്രോഫി സമ്മാനിക്കുന്നു.

കാസർകോട്‌ കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസ്‌എസിന്‌ മന്ത്രി സജി ചെറിയാൻ ട്രോഫി സമ്മാനിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top