ആലപ്പുഴ
എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതിനുള്ള അനുമോദനം ഏറ്റുവാങ്ങാനുള്ള യാത്രയിലാണ് ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേളയിലെ തത്സമയ കളിമൺ ശിൽപ നിർമാണത്തിൽ ഒന്നാമനായെന്നത് അഭിനന്ദു എസ് ആചാര്യ അറിയുന്നത്. സമാപന സമ്മേളനത്തിൽ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ അതേ വേദിയിൽ താൻ രൂപകൽപ്പന ചെയ്ത ട്രോഫി മലപ്പുറം ജില്ലയിലെ വിദ്യാർഥികളുയർത്തുന്നത് അഭിനന്ദു അഭിമാനത്തോടെ നോക്കി നിന്നു.
വരുന്ന ശാസ്ത്രമേളകളിൽ തന്റെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയിൽ തലമുറകൾ മുത്തമിടുമെന്ന സംതൃപ്തിയിലാണ് ഈ കലാകാരൻ മടങ്ങുന്നത്. ‘അഭയാർഥികൾ’ എന്ന വിഷയമാണ് ശിൽപ നിർമാണത്തിനായി നൽകിയത്. നിലത്തു കിടക്കുന്ന അച്ഛന് സമീപത്ത് കൈക്കുഞ്ഞുമായി ഇരിക്കുന്ന അമ്മയുടെ ശിൽപം അഭിനന്ദു മൂന്നു മണിക്കൂർ കൊണ്ട് തയ്യാറാക്കി.
‘‘ഒന്നാം സ്ഥാനം കിട്ടുമെന്ന് കരുതിയില്ല. പ്രയാസമേറിയ വിഷയമായിരുന്നെങ്കിലും നന്നായി ചെയ്‌തെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഭാവിയിലും ഈ വഴി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്’’- കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ അഭിനന്ദു പറഞ്ഞു.
ചുണ്ടൻവള്ളവും പുരവഞ്ചിയും ലൈറ്റ്ഹൗസും തെങ്ങും ഉൾപ്പെടുത്തിയാണ് അഭിനന്ദു എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചത്. ശാസ്ത്രോത്സവത്തിന്റെ ലോഗോ പതിപ്പിച്ച ഗോളത്തെ രണ്ട് കുട്ടികൾ ചേർന്ന് താങ്ങി നിർത്തുന്നതാണ് ട്രോഫി. ഈ ഗോളത്തിൽ വരും വർഷങ്ങളിൽ പുതിയ ലോഗോകൾ പതിപ്പിക്കാൻ സാധിക്കും. രണ്ടടിയാണ് ഉയരം. 2020ൽ ഏഴു മില്ലീമീറ്റർ വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും ചെറിയ നന്ദികേശനെ നിർമിച്ച് അഭിനന്ദു ശ്രദ്ധ നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..