കൊച്ചി > നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദിയിൽ മാറ്റം. പുതുക്കിയ തീരുമാനമനുസരിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.
നേരത്തെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയമായിരുന്നു നിശ്ചയിച്ചത്. എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി മത്സരങ്ങൾക്കൊപ്പം പങ്കുചേരുമെന്നതാണ് വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.
ഉദ്ഘാടനദിവസം 3000 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ മഹാരാജാസ് കോളേജ് മൈതാനിയിൽ അരങ്ങേറും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനിക്കും. ഈ മെഡൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പിന് കൈമാറിയതായി മന്ത്രി അറിയിച്ചു. കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകൾ കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും.
മാധ്യമങ്ങൾക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉൾപ്പെട്ട മീഡിയ സമിതിക്കും രൂപം നൽകി. യോഗത്തിൽ വിവിധ മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി ജെ വിനോദ് എംഎൽഎ മീഡിയ റൂം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. പ്രധാന വേദിയായ മഹാരാജാസ് കോളേജിൽ ആയിരിക്കും മീഡിയ റൂം പ്രവർത്തിക്കുക.
പി ആർ ശ്രീജേഷ് ബ്രാൻഡ് അംബാസഡർ
പ്രശസ്ത ഹോക്കി താരം പി ആർ ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാൻഡ് അംബാസഡർ ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിതാരം പ്രണവ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബർ 11 ന് വൈകിട്ട് മഹാരാജാസ് കോളേജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..