21 November Thursday

കൂടുതൽ ലൈഫ് സയൻസസ് പാർക്കുകൾ സ്ഥാപിക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Sep 28, 2024

ബയോ കണക്ട് കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം > ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തിന്റെ മറ്റു മേഖലകളിലും ലൈഫ് സയൻസസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ്‌ സയൻസ്‌ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ കേരളം സംഘടിപ്പിച്ച ബയോ കണക്ട്‌ വ്യവസായ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിത സമൂഹത്തെ ശക്തിപ്പെടുത്തുന്നതിൽ ലൈഫ് സയൻസസ് പാർക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ബയോടെക്‌നോളജിയിലും ആരോഗ്യ പരിരക്ഷാ ഉപകരണരംഗത്തെ കണ്ടെത്തലുകൾക്കും ഊന്നൽ നൽകുകയാണ് ഇത്തരം പാർക്കുകളിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കുകൂടാതെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ലൈഫ് സയൻസസ് പാർക്കുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.  
നിപ, കോവിഡ്- തുടങ്ങിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളടക്കമുള്ള ആരോഗ്യ പ്രതിസന്ധികളും തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും കേരളം സ്വീകരിച്ച മാർഗങ്ങൾ ആരോഗ്യ സംരക്ഷണത്തിലും ബയോടെക്‌നോളജിയിലും മുന്നേറ്റത്തിനുള്ള വഴിതുറക്കൽ കൂടിയായി.

മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്, ജീനോം ഗവേഷണം എന്നിവയിൽ മികവിന്റെ കേന്ദ്രങ്ങൾക്കും സംസ്ഥാനം തുടക്കമിട്ടു. ലൈഫ് സയൻസ് രംഗത്തെ ഗവേഷണത്തിലും വികസനത്തിലും ഇന്നൊവേഷൻ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആരോഗ്യ സംരക്ഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കുകയാണ് പാർക്കുകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top