22 December Sunday

ജീനോമിന്റെ രഹസ്യമറിയണോ ?
 കലിക്കറ്റിലേക്ക്‌ വിട്ടോ ; ശാസ്ത്ര കൗതുകങ്ങള്‍ ലളിതമാക്കാന്‍
 23-ന് കലിക്കറ്റിൽ സയന്‍സ് സ്ലാം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


തേഞ്ഞിപ്പലം
അർബുദരോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകള്‍ ഫലപ്രദമാണോ? ആനയ്‌ക്ക് മുറിവുണ്ടായാല്‍ ആരുണക്കും? ജീനോമിന്റെ രഹസ്യമെന്താണ്? കൗതുകംനിറഞ്ഞ വസ്‌തുതകൾക്ക്‌ ശാസ്‌ത്രീയ വിശദീകരണം നൽകാൻ കലിക്കറ്റിൽ വേദിയൊരുങ്ങുകയാണ്‌. 23-ന് കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും ചേര്‍ന്ന്‌ "സയന്‍സ് സ്ലാം' പേരിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. നാനോ എനര്‍ജി, ജലരസതന്ത്രം, നിര്‍മിതബുദ്ധി, നാനോ മറ്റീരിയലുകള്‍, ഗ്രഫീന്‍, വിര്‍ജിന്‍ വെളിച്ചെണ്ണ, ഹരിത ഹൈഡ്രജന്‍, എഐ ട്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി ശാസ്ത്ര കൗതുകങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതാകും പരിപാടി. സയന്‍സ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകര്‍ക്കുമുന്നില്‍ യുവശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണ പ്രോജക്ടുകള്‍ മാതൃഭാഷയില്‍ ലളിതമായി 10 മിനിറ്റുകൊണ്ട്‌ വിശദീകരിക്കുന്നതാണ് മത്സരം. 24 പേരാണ് മത്സരത്തിനുള്ളത്. മികച്ച അവതരണം നടത്തുന്ന അഞ്ചുപേരെ ഡിസംബര്‍ 14ന് പാലക്കാട് ഐഐടിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിനൊപ്പം കാണികളും വിധിനിര്‍ണയത്തില്‍ പങ്കെടുക്കുമെന്നത് സയന്‍സ് സ്ലാമിന്റെ സവിശേഷതയാണ്.

സര്‍വകലാശാലാ ഇ എം എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി രാവിലെ 9.45-ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. 10ന് മത്സരം തുടങ്ങും. വൈകിട്ട് നാലിന്‌ സംഗീത പരിപാടി അരങ്ങേറും. സയന്‍സ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ സര്‍വകലാശാലയിലെ എം എസ് സ്വാമിനാഥന്‍ ചെയറുമായി സഹകരിച്ചാണ് പരിപാടിയെന്ന്‌ സംഘാടക സമിതി ഭാരവാഹികളായ ഡോ. ബി എസ് ഹരികുമാരന്‍ തമ്പി, ഡോ. സി സി ഹരിലാല്‍, ഡോ. പി പ്രസീത, സി എന്‍ സുനില്‍, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ എം എസ് ബ്രവിന്‍, പിആര്‍ഒ  സി കെ ഷിജിത്ത് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top