22 December Sunday
പരീക്ഷണപ്പറക്കൽ ഇന്ന്‌

ചിറകുവിരിച്ച്‌ 
സീപ്ലെയിൻ , പറന്നുയർന്ന്‌ കേരളം ; ടൂറിസം വികസനത്തിന് നാഴികക്കല്ലാകും

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

കൊച്ചി കായലിൽ ഞായറാഴ്‌ച പറന്നിറങ്ങിയ സീപ്ലെയിൻ ഫോട്ടോ: സുനോജ് നൈനാൻ മാത്യു


കൊച്ചി
കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ പുതിയ ആകാശം തുറന്ന്‌ സീപ്ലെയിൻ. സഞ്ചാരയിടത്തിന്‌ പുതിയ ദൂരവും ഉയരവും സമ്മാനിക്കുന്ന സീപ്ലെയിൻ സർവീസിന്‌ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ തുടക്കമാകും. നാലു വിമാനത്താവളവും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർഡ്രോമുകളും ഒരുങ്ങുന്നതോടെ വിനോദസഞ്ചാര വികസനത്തിന്റെ വെളിച്ചം ഉൾനാടുകളിലേക്കും എത്തും. യാത്രാദൂരവും സമയവും കുറയുന്നത്‌ സഞ്ചാരികളെ ആകർഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വർധിക്കുമെന്നതും പ്രത്യേകതയാണ്‌. വ്യത്യസ്‌ത കേന്ദ്രങ്ങളെ ചേർത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവിൽവരും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയിൽ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകൾ.  

രാവിലെ 9.30ന്‌ മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കൽ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തിൽ വരവേൽക്കും.

ചെറുവിമാനത്തിൽ 17 സീറ്റാണുള്ളത്‌. 30 സീറ്റുള്ളവയുമുണ്ട്‌. റൺവേയ്‌ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ്‌ പറന്നുയരുക. വെള്ളത്തിൽത്തന്നെ ലാൻഡ്‌ ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച്‌ വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തിൽപ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിലൂടെയാണ്‌ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്‌ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിലാകും വാട്ടർഡ്രോമുകൾ സ്ഥാപിക്കുക. സ്വിറ്റ്സർലൻഡിൽനിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേർന്നാണ് ഡി ഹാവില്ലൻഡ് കാനഡയുടെ സർവീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന്‌ എത്തിയ ഡി ഹാവില്ലൻഡ് കാനഡയുടെ സീപ്ലെയിൻ ഞായർ പകൽ 3.30ന്‌ കൊച്ചി കായലിലെ വാട്ടർഡ്രോമിൽ പറന്നിറങ്ങി.

ജല അഭിവാദ്യത്തോടെ സ്വീകരണം

കൊച്ചി കായൽതൊട്ട്‌ 
‘ഡി ഹാവില്ലൻഡ് കാനഡ’
സംസ്ഥാന വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ആകാശപ്പൊക്കം നൽകാൻ സീപ്ലെയിൻ ‘ഡി ഹാവില്ലൻഡ് കാനഡ’ കൊച്ചി കായലിൽ ഇറങ്ങി. ഞായർ പകൽ 3.30നാണ്‌ ബോൾഗാട്ടി പാലസിനും നഗരത്തിനുമിടയിലെ പാലസ് വാട്ടർഡ്രോമിൽ വിമാനമിറങ്ങിയത്‌. സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു, വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ, കലക്ടർ എൻ എസ്‌ കെ ഉമേഷ്, കേരള ടൂറിസം അഡീ. ഡയറക്ടർ (ജനറൽ) പി വിഷ്ണുരാജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ഞായർ പകൽ 11ന്‌ വിജയവാഡയിൽനിന്ന്‌ പറന്നുയർന്ന വിമാനം 2.30നാണ്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള റൺവേയിലിറങ്ങിയത്‌. വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്‌ ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരാണ് പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിങ്‌ എന്നിവർ ക്രൂ അംഗങ്ങളാണ്. ക്യാബിൻ ക്രൂ അംഗങ്ങളെ സിയാലിലെ സാങ്കേതികവിദഗ്ധരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നൽകുന്നത് സിയാലാണ്.

സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്ന്‌ ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. സ്വിറ്റ്സർലൻഡിൽനിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റുമായും ചേർന്നാണ് സർവീസ്‌ നിയന്ത്രിക്കുന്നത്. ആന്ധ്രപ്രദേശ്, കർണാടകം സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനുശേഷമാണ് കേരളത്തിലെത്തിയത്. സർവീസ് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡി ഹാവില്ലൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.

 

സീപ്ലെയിൻ ഫ്ലാഗ്‌ ഓഫ് ; ബോട്ടുകൾക്ക് കർശന നിയന്ത്രണം, ഡ്രോണും അനുവദിക്കില്ല
ബോൾഗാട്ടിയിൽനിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന സീപ്ലെയിനിന്റെ ഫ്ലാഗ്‌ ഓഫ് നടക്കുന്നതിനാൽ തിങ്കൾ രാവിലെ ഒമ്പതുമുതൽ പകൽ 11 വരെ ബോട്ടുകൾക്ക് നിയന്ത്രണമുണ്ടാകും. ടൂറിസ്റ്റ് ബോട്ട്, മീൻപിടിത്ത ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎൻസി ബോട്ട്, ജലമെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയ്‌ക്കെല്ലാം കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

മറൈൻഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലംമുതൽ ബോൾഗാട്ടി മേഖലവരെയും വല്ലാർപാടംമുതൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്തുവരെയുമുള്ള മേഖലകളിലാണ്‌ നിയന്ത്രണം. ഈ പ്രദേശങ്ങളിൽ ഒരു ബോട്ടും സർവീസ് നടത്താൻ പാടില്ല. തീരദേശ സുരക്ഷാസേനയുടെ കർശന നിയന്ത്രണത്തിലായിരിക്കും ഇവിടം. തീരദേശ പൊലീസിന്റെയും കർശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.

ഡ്രോൺ പറത്തുന്നതും അനുവദിക്കില്ല. നിലവിൽ ഡ്രോൺ നിരോധിതമേഖലയാണിത്. ഡ്രോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കും. മറൈൻഡ്രൈവിൽ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ കർശന നിരീക്ഷണമുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top